“ഇതിനേക്കാൾ ഭേദം കൊല്ലുകയാണ് ” ;സൈബര്‍ ആക്രമണത്തിന് പോലീസ് ഒത്താശ; നിരന്തരം ഭീഷണി; ജി ശക്തിധരന്‍

ഇതിനെക്കാള്‍ ഭേദം തന്നെ കൊല്ലുകയാണെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. കൈതോലപ്പായയില്‍ പൊതിഞ്ഞു കെട്ടി 2 കോടി 35 ലക്ഷം രൂപ കൊണ്ടുപോയ സി പി എം നേതാവിനെക്കുറിച്ച് ജി ശക്തിധരന്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റാണ് സി പി എം സൈബര്‍സേനകളെ ചൊടിപ്പിച്ചത്.വിദേശത്ത് നിന്നുള്ള ഇന്റെര്‍നെറ്റ് കോളുകളിലൂടെ വധഭീഷണിയടക്കം വരുന്നുവെന്നാണ് ജി ശക്തിധരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
“ഇതിനേക്കാൾ ഭേദം
കൊല്ലുകയാണ് “
മഹത്തായ ഒരാശയത്തിന്റെ അകാല മരണമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എന്റെ ഫോണിൽ ഏത് അസമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ് ഒരു ഗൂഢസംഘം. ഇന്നും രാവിലെ തന്നെ പണി തുടങ്ങി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് ഏറെയും. ഇത്തരം അധമ പ്രവർത്തനത്തിന് വഴി ഒരുക്കുന്ന നീചന്മാർ പോലീസ് സേനയിൽ തന്നെ ഉണ്ടെന്നാണ്
അറിയുന്നത്. അതിനുള്ള പ്രത്യേക ചാനൽ, സേന തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കേൾക്കുന്നതും. അന്താരാഷ്ട്ര തലത്തിൽ കടുത്ത നിയമങ്ങൾ കൊണ്ട് തടഞ്ഞിട്ടുള്ള സമാന്തര ടെലി കമ്മ്യുണിക്കേഷൻ സംവിധാനം കേരളത്തിലെ രാജ്യദ്രോഹി കളുടെ കയ്യിൽ ഭദ്രമാണ്. ജയിലിനുള്ളിൽ നടക്കുന്ന അനധികൃത ഫോൺ വിളിയുടെ വിശ്വരൂപം!
പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ചില കൊടും ക്ഷുദ്രജീവികളാണ് ഇതിന്റെ കമ്മിസാർമാർ
ഞാൻ എല്ലാ കോളുകളും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 9199 46733101 എന്ന നമ്പറിൽ നിന്നാണ് ഇന്നത്തെ തുടക്കം. ഫോൺ ഓഫ് ചെയ്തില്ലെങ്കിൽ അണമുറിയാതെ അജ്ഞാത കോളുകൾ പ്രവഹിക്കും. കേൾക്കേണ്ടിവരുന്ന വാക്കുകൾ ഏതു പറുദീസയിൽ കൊണ്ടിട്ടാലും സമനില വീണ്ടെടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഭൂഗർഭത്തിൽ കൊണ്ടിട്ട പ്രതീതി. രാക്ഷസൻമാരോ ചെകുത്താന്മാരോ അധിവസിക്കുന്ന മറ്റൊരു ഗ്രഹത്തിൽ നിന്ന് ഈ ഗ്രഹത്തിലേക്ക് വരുന്ന കോളുകൾ എന്ന് തോന്നിപ്പോകും .എത്രലക്ഷം രൂപയാകും ഇതിന് ചെലവിടുന്നത്? സ്റ്റാലിനാകും ഭേദമെന്ന് ഞാൻ പറയുന്നതിൽ തെല്ലും അതിശയോക്തി വേണ്ട. ഒരു വ്യക്തിക്കും കുടുംബത്തിനും നേരെയുള്ള ഏറ്റവും നീചവും നിന്ദ്യവുമായ കയ്യേറ്റമാണിത് .
ഞാൻ കൂടി ഉൾപ്പെട്ട ഒരു പ്രസിദ്ധീകരണം പതിവുപോലെ പുറത്തിറക്കാനുള്ള ശ്രമങ്ങളെയും ഇത്തവണ ബാധിച്ചു. മൂന്നു ദിവസം വൈകിയാണ് ഈ ലക്കം പുറത്തിറങ്ങുന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഈ ലക്കത്തിൽ നേരിടുന്നത്. പ്രതിപക്ഷത്തെ ചില നേതാക്കൾക്ക് വേണ്ടിയാണ്, ,അവരുടെ പേരെടുത്ത് പറഞ്ഞു ആക്ഷേപിച്ചുകൊണ്ടാണ് ,അവരുടെ വാലാണ് ഞങ്ങളെന്ന് ചിത്രീകരിച്ചുകൊണ്ടാണ് ഞങ്ങളെ അധിക്ഷേപിക്കുന്നതെങ്കിലും ഒരു പെട്ടിക്കടയുടെ പരസ്യം പോലും ജനശക്തിക്ക് ലഭിക്കാൻ അവർ ഒന്നും ചെയ്യുന്നില്ല.ചെയ്യുകയുമില്ല. ഈ ലക്കത്തിൽ ഒരു പരസ്യവും പുതുതായി ലഭിക്കാത്തതുകൊണ്ട് മുൻ ലക്കത്തിൽ ലഭിച്ച പരസ്യം തന്നെ അവരുടെ സമ്മതത്തോടെ ആവർത്തിക്കുകയാണ്.
ഫോൺ അക്ഷരാർത്ഥത്തിൽ എനിക്ക് ഉപയോഗ്യശൂന്യമാണ്‌ പോലീസ് എനിക്കു വരുന്ന എല്ലാ കോളുകളും നിരീക്ഷിക്കുകയാണ്. ഞാനും രഹസ്യപൊലീസിനെ വെട്ടിലാക്കാൻ പുതിയ തന്ത്രവും കൗശലവും പഠിച്ചു. അസാധ്യമായ കാര്യങ്ങൾ ഫോണിൽ സംസാരിക്കുക. അത് വിശ്വസിച്ചാകും പോലീസ് നീങ്ങുക. അതിന് ഫലം കണ്ടു.
ഈ നേതാക്കൾക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങൾ ഉണ്ടെന്നത് ആർക്കാണ് അറിയാത്തത് .. “പരസ്യം ഒന്നും കിട്ടിയില്ല അല്ലേ എന്ന പതിവ് നിസ്സംഗ ചോദ്യം ഖദർ ഉടുപ്പിൽ നിന്ന് സ്വനഗ്രാഹി യന്ത്രത്തിൽ നിന്നെന്ന പോലെ കേൾക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേൾക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയെയോട് മുൻകൂട്ടി സഹതപിച്ചു തൃപ്തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാർഹമാണ്‌ .
ഇവരൊക്കെ മന്ത്രിമാരും മറ്റു പദവികളും വഹിച്ചിരുന്നപ്പോൾ അന്നത്തെ പ്രതിപക്ഷത്തിന്റെ മാധ്യമങ്ങൾക്ക് നിർലോപം പരസ്യം നൽകിയിരുന്നത് അവരുടെ ആക്രമണത്തെ തടഞ്ഞു നിർത്താനുള്ള പരിച ആയതുകൊണ്ടാകും.
നീചമായ സൈബർ ആക്രമണത്തെ ചെറുക്കാൻ ഞങ്ങൾ അശക്തരാണ്. ഒരു ഡസനിൽ മാത്രം വരുന്ന അംഗസംഖ്യയുള്ള ഒരു ജനശക്തിക്ക് എങ്ങിനെയാണ് കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭ്രാന്തിനെ കൂച്ചുവിലങ്ങിടാൻ കഴിയുക. പ്രത്യേകിച്ചും പ്രതിപക്ഷം എന്ന അവസാനത്തെ അത്താണിയും ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങാതിരിക്കുമ്പോൾ?
ഞങ്ങൾക്ക് ഇത് മറികടക്കാൻ കഴിയും. ജനങ്ങൾ സഹകരിച്ചാൽ.ജനശക്തിയെ . കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുസൂക്ഷിച്ചാൽ . ഞങ്ങളുടെ വാക്കുകളിൽ വെടിയുണ്ടയുടെ കരുത്തുണ്ടാകും. ആരുടെയും മുന്നിലും മുട്ടുമടക്കാതിരിക്കാൻ ഞങ്ങൾക്ക് അറിയാം. ഞങ്ങളുടെ മേലും ജനങ്ങളുടെ നിരീക്ഷണം ഉണ്ടായാൽ മതി. വഴിതെറ്റാതെ കാത്താൽ മതി.
ഞങ്ങളെ തകർക്കാൻ കച്ചകെട്ടി നിൽക്കുന്നവരുടെ കരുത്തും വ്യാപ്തിയും ഞങ്ങൾക്ക് നന്നായറിയാം. അതുകണ്ട് ഭയപ്പെട്ട്‌ പിന്മാറുന്നവരല്ല ഞങ്ങൾ. ഇതിലും ശക്തരായി ലോകത്തെ വിറപ്പിച്ചവർ കൂലിപ്പട്ടാളക്കാരെ വെച്ച് രാജ്യഭാരം നടത്തുന്നത് ഇപ്പോൾ നാം കാണുകയാണ്. കൂലിപ്പട്ടാളം തന്നെ അധികാരം പിടിച്ചെടുത്തേക്കുമെന്ന ഭയപ്പെടുത്തുന്ന അവസ്ഥയിലേക്ക് അവരെത്തി. അത് മറക്കണ്ട. ജനശക്തി ഒരു മൺചിരാത് മാത്രമാണ്. ഇപ്പോൾ അതിന്റെ വെളിച്ചം കൈക്കുമ്പിളിൽ മാത്രം ഒതുങ്ങുന്നതാകാം. പക്ഷെ ഇതുപോലുള്ള ചിരാതുകളിൽ നിന്ന് കൊളുത്തിയ തീ ആളിക്കത്തുന്നതും ജീർണ്ണതകളെ ധൂളിയാക്കുന്നതും കണ്ടിട്ടില്ലേ. ഇന്നത്തെ കരങ്ങളിൽ അല്ലെങ്കിൽ നാളെ അത് സംഭവിക്കും. ഞങ്ങൾ തോൽക്കില്ല .മനസില്ല തോക്കാൻ
Top