കഴുത ‘പ്രസംഗം നിയമനടപടിക്കായി സുധാകരന്: ബിന്ദുകൃഷ്ണയ്ക്ക് ജി.സുധാകരന്റെ കത്ത്”

ആലപ്പുഴ: വി.എസിനെയും പിണറായിയെയും മോശമായി ചിത്രീകരിച്ച ജി.സുധാകരന്റെ പ്രസംഗം താന്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പ്രസ്താവനയ്ക്കെതിരെ സുധാകരന്‍ രംഗത്ത്.സി.പി.എമ്മിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ബിന്ദുകൃഷ്ണ ഉപേക്ഷിക്കണമെന്നും ഇതുസംബന്ധിച്ച് 15നകം രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിന്ദുകൃഷ്ണയ്ക്ക് അയച്ച കത്തില്‍ സുധാകരന്‍ വ്യക്തമാക്കി.
വി.എസിനെ ബുദ്ധിയില്ലാത്ത കഴുതയെന്നും പിണറായിയെ ഹിംസ്രജന്തുവെന്നും ബിന്ദുകൃഷ്ണ പ്രസംഗിച്ചത് വിവാദമായിരുന്നു. ഇത് തന്റെ അഭിപ്രായമല്ലെന്നും ജി.സുധാകരന്‍ കുട്ടനാട്ടില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദുകൃഷ്ണ പിന്നീട് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ഇതാണ് സുധാകരനെ ചൊടിപ്പിച്ചത്. പ്രസംഗത്തില്‍ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാവാതിരുന്ന ചിലര്‍ ആദ്യം പ്രതികരിച്ചിരുന്നുവെന്നും പിന്നീട് അവര്‍ പിന്‍മാറിയെന്നും സുധാകരന്‍ ബിന്ദുകൃഷ്ണയ്ക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നു. ബിന്ദുകൃഷ്ണയുടെ പ്രസംഗത്തിനുശേഷം അമ്പലപ്പുഴയില്‍ തനിക്കെതിരെ ചിലര്‍ പോസ്റ്റര്‍ പതിച്ചു. ജീവിതത്തില്‍ ഇതേവരെ വി.എസിനെ വ്യക്തിപരമായി നിന്ദിച്ചിട്ടില്ലാത്ത തന്നെ ബിന്ദുകൃഷ്ണ ബോധപൂര്‍വ്വം വിവാദത്തിലാക്കുകയായിരുന്നെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Top