കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമിതി ഇന്ന് യോഗം ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി യോഗം ചേരുന്നത്. ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാതെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ് സമരസമിതി. സമരം കൂടുതല്‍ ശക്തമാക്കാനും സമരസമിതി ആലോചിക്കുന്നുണ്ട്. നാട്ടുകാരുടേയും സമരക്കാരുടേയും പ്രതിഷേധം വകവെയ്ക്കാതെ ഗെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ നാട്ടുകാരും സമരസമിതിയും ഇതിനെ ശക്തമായി എതിര്‍ക്കും. പൊലീസിനെ മുന്‍നിര്‍ത്തി ഗെയില്‍ അധികൃതര്‍ക്ക് സംരക്ഷണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച തീരുമാനങ്ങളും ഇന്ന് ചേരുന്ന സമര സമിതി യോഗത്തിലുണ്ടാകും. അനുനയ നീക്കമെന്നോണമാണ് മന്ത്രി എ സി മൊയ്തീന്‍ ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം. മന്ത്രിയെ കൂടാതെ ഗെയില്‍ അധികാരികളും തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസും ചര്‍ച്ചയില്‍ പങ്കെടുക്കും.