ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിനു നടുവില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം താരങ്ങളായ ഗൗതം ഗംഭീറും മനോജ് തിവാരിയും തമ്മില്‍ കൈയ്യാങ്കളി. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടക്കുന്ന ഡല്‍ഹിബംഗാള്‍ മല്‍സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ചെന്ന അംപയര്‍ കെ. ശ്രീനാഥിനെ ഡല്‍ഹി ടീം നയാകന്‍ കൂടിയായ ഗംഭീര്‍ പിടിച്ചു തള്ളി. മല്‍സരത്തിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ഡല്‍ഹി താരം മനന്‍ ശര്‍മയെറിഞ്ഞ എട്ടാം ഓവറിന്റെ ആദ്യ പന്തില്‍ ബംഗാള്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥസാരഥി ഭട്ടാചര്‍ജി പുറത്തായി. പിന്നീട് ബാറ്റിങ്ങിനെത്തിയത് ബംഗാള്‍ നായകനായ മനോജ് തിവാരി. തൊപ്പിയണിഞ്ഞാണ് തിവാരി കളത്തിലെത്തിയത്. ക്രീസില്‍ എത്തി സ്റ്റാന്‍ഡ്‌സ് എടുത്ത ശേഷം മനന്‍ ശര്‍മ പന്തെറിയാനെത്തിയപ്പോള്‍ ബൗളറെ തിരിച്ചയച്ച തിവാരി ഹെല്‍മറ്റു കൊണ്ടുവരാന്‍ ഡ്രസിങ് റൂമിലേക്ക് നിര്‍ദേശം നല്‍കി. ഇതാണ് ഗംഭീറിനെയും ടീമംഗങ്ങളെയും ചൊടിപ്പിച്ചത്. സമയം പാഴാക്കാനുള്ള തിവാരിയുടെ ശ്രമമാണിതെന്ന് ആരോപിച്ച് ഡല്‍ഹി താരങ്ങള്‍ പ്രതിഷേധിച്ചു. ഇതിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗംഭീര്‍ പിച്ചിന് സമീപത്തേക്കെത്തി തിവാരിയെ അസഭ്യം പറഞ്ഞു. ഇതിനെതിരേ തിവാരിയും പ്രതികരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഗംഭീര്‍ ”വൈകിട്ട് കാണാമെന്നും, നിന്നെ കണ്ടോളാമെന്നും” തിവാരിയോട് ഭീഷണി മുഴക്കി. ‘എന്തിന് വൈകുന്നേരം വരെ കാക്കണം, ഇപ്പോള്‍ത്തന്നെ തീര്‍ക്കാമെന്ന്’ പറഞ്ഞ് തിവാരിയും കത്തിക്കയറിയതോടെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു. ഇതോടെ മുഷ്ടിചുരുട്ടി തിവാരിക്കു നേരെ ഗംഭീര്‍ നടന്നടുത്തു. ഇതിനിടയില്‍ ഇരുവരുടെയും തര്‍ക്കം തീര്‍ക്കാനെത്തിയ അമ്പയര്‍ ഇടയില്‍ക്കയറി. ഉടന്‍ ഗംഭീര്‍ അമ്പയറുടെ ശരീരത്തില്‍ ശക്തിയായി തള്ളിമാറ്റുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഗംഭീറിനെയും തിവാരിയെയും മാച്ച് റഫറി വാല്‍മിക് ബുച്ച് വിളിപ്പിച്ചിട്ടുണ്ട്