ദില്ലി: രഞ്ജി ട്രോഫി മത്സരത്തിനിടെ തമ്മിലടിച്ചതിന് ന്യായീകരണവുമായി ദില്ലി ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ബംഗാള്‍ നായകന്‍ മനോജ് തിവാരിയും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മനോജ് തിവാരി പറഞ്ഞു. ഗംഭീര്‍ മുതിര്‍ന്ന കളിക്കാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. എന്നാല്‍ അതിരുവിട്ട് പെരുമാറിയാല്‍ പിന്നെങ്ങനെ പ്രതികരിക്കാതിരിക്കും. എന്താണ് സംഭവിച്ചതെന്ന് ടെലിവിഷന്‍ ക്ലിപ്പിംഗുകള്‍ കണ്ടാല്‍ വ്യക്തമാവുംതിവാരി പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് ഗംഭീറിന്റെ പ്രതികരണം ഒറ്റ വാക്കില്‍ ഒതുങ്ങി. ‘ഒന്നും സംഭവിച്ചിട്ടില്ല ബോസ്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗംഭീറിന്റെ പ്രതികരണം. മനന്‍ ശര്‍മയുടെ പന്തില്‍ ബംഗാളിന്റെ പാര്‍ഥസാരഥി ഭട്ടചാര്‍ജി പുറത്തായതിനെത്തുടര്‍ന്ന് നാലാമനായി തിവാരി ക്രീസിലെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ തുടങ്ങിയത്. ഹെല്‍മെറ്റിന് പകരം ക്യാപ്പ് അണിഞ്ഞെത്തിയ തിവാരി ഗാര്‍ഡ് എടുത്തശേഷം ബൗളര്‍ റണ്ണപ്പ് തുടങ്ങിയപ്പോള്‍ കളി നിര്‍ത്തി ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടി ഹെല്‍മെറ്റ് വേണമെന്ന് ആവശ്യപ്പെട്ടതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.
സമയം കളയാനുള്ള തിവാരിയുടെ തന്ത്രമാണിതെന്നായിരുന്നു ദില്ലി താരങ്ങളുടെ ആരോപണം. ബൗളര്‍ മനന്‍ ശര്‍മ തിവാരിയടുതെത്തി ക്രീസില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഈസമയം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗംഭീര്‍ ദേഷ്യത്തോടെ തിവാരിയടുത്തെത്തി. വൈകിട്ടു വാ നിന്നെ ഞാന്‍ അടിച്ചുശരിയാക്കും എന്നായിരുന്നു ഗംഭീറിന്റെ കമന്റ്. എന്തിനാണ് വൈകിട്ടാക്കുന്നത് ഇപ്പോള്‍ തന്നെ കാണാം എന്ന് തിവാരി തിരിച്ചടിക്കുകയും ചെയ്തു. നിങ്ങളോട് ഞാനൊന്നും പറഞ്ഞില്ലല്ലോ പിന്നെന്തിനാണ് എന്നോട് ചൂടാവുന്നതെന്നും തിവാരി ചോദിച്ചു. ഇന്ത്യന്‍ ടീമിലെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെയും സഹതാരങ്ങള്‍ കൂടിയാണ് ഇരുവരും.