ചെന്നൈ: കാണാതായ മലയാളി മോഡല്‍ ഗാനം നായര്‍ നാടകീയമായി വീട്ടില്‍ തിരിച്ചെത്തി. ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഗാനത്തെ കാണാതായത്. വിഷാദരോഗത്തെ തുടര്‍ന്നു ഗാനം രണ്ടു ദിവസം വീട്ടില്‍നിന്നു മാറിനിന്നുവെന്നാണ് പൊലീസ് പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഗാനം നായരെ കാണാനില്ലാതായതോടെ ബന്ധുക്കളുടെ പരാതിപ്പെടുകയും തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഗാനത്തെ കണ്ടുപിടിക്കുന്നതിനായി സോഷ്യല്‍ മീഡിയകള്‍ വഴി ക്യാംപെയ്നും ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 900 ട്വീറ്റുകളാണ് ഗാനത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വന്നത്. ഇതിനിടെയാണ് നാടകീയമായി മോഡല്‍ തിരിച്ചെത്തിയത്.
28കാരിയായ ഗാനം ബ്യൂട്ടി പാര്‍ലറിന്റെ മാനേജറായി ജോലിചെയ്തുവരികയായിരുന്നു. മോഡലിങ്ങിനോടൊപ്പം ഫോട്ടോഗ്രാഫിയും ഗാനത്തിന്റെ ഇഷ്ടമേഖലയായിരുന്നു. ഗാനത്തിന്റെ അച്ഛന്‍ ഡല്‍ഹി സ്വദേശിയാണ്. അമ്മ രണ്ടുവര്‍ഷം മുമ്പു മരിച്ചു.
ചെന്നൈയില്‍ ബന്ധുവിനോടൊപ്പമാണ് ഗാനം താമസിച്ചിരുന്നത്.
വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ ഓഫീസിലേക്ക് തിരിച്ച ഗാനം ഓഫീല്‍ എത്തിയില്ല.
ഈ സമയം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഗാനത്തിന്റെ വിവാഹ ആലോചനകളുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേപറ്റിയെല്ലാം പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഗാനം നായര്‍ വര്‍ഷങ്ങളായി ചെന്നൈയിലാണു താമസം. ഇരുപത്തെട്ടുകാരിയായ ഗാനം പഠിച്ചതൊക്കെ ചെന്നൈയിലാണ്. നഗരം സുപരിചിതവും. പതിവുസമയത്താണു വെള്ളിയാഴ്ച ഓഫീസിലേക്കിറങ്ങിയത്. ഫാഷന്‍ഡിസൈനിംഗുമായി ബന്ധപ്പെട്ടും തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ടും പലപ്പോഴും വീട്ടില്‍ മടങ്ങിയെത്താന്‍ വൈകാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസവും വരാതിരിക്കാറില്ലായിരുന്നു. രാത്രി വൈകിയിട്ടും ഗാനം തിരിച്ചെത്താതായപ്പോള്‍ ബന്ധുക്കള്‍ ഓഫീസില്‍ അന്വേഷിച്ചു. എന്നാല്‍ ഓഫീസില്‍ അന്ന് എത്തിയിട്ടില്ലെന്നായിരുന്നു മറുപടി.
ഗാനവും ബന്ധുക്കളും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായിരുന്നോ അജ്ഞാത വാസമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രശ്ങ്ങളുണ്ടായിരുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചതായാണു സൂചന.