സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചർച്ചകൾ സജീവമായി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്‌ക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ ആലോചന. ഇതിനായി യോജിച്ച സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.
മഹാത്മാഗാന്ധിയുടെ ചെറുമകനും മുൻ പശ്ചിമബംഗാൾ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേരാണ് പരിഗണനയിലുള്ളവരിൽ മുൻപന്തിയിൽ. മുൻ ഉപപ്രധാനമന്ത്രി ബാബു ജഗ്ജീവൻ റാമിന്റെ മകളും, മുൻ ലോക്‌സഭാ സ്പീക്കറുമായ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ള മറ്റൊരാൾ. ഐഎഎസുകാരനും നയതന്ത്രജ്ഞനും ബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കുന്നതിനോട് പൊതുവെ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും തൃണമൂൽ കോൺഗ്രസിനും അനുകൂല നിലപാടാണെന്നാണ് സൂചന. ഗോപാൽകൃഷ്ണ ഗാന്ധിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇവരെ കൂടാതെ എൻസിപി നേതാവ് ശരദ് പവാർ, സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെഡിയു അധ്യക്ഷൻ ശരദ് യാദവ് എന്നിവരും ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ സംസാരിച്ചെന്നും, എന്നാൽ ചർച്ചകൾ പ്രാരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഗോപാൽകൃഷ്ണ ഗാന്ധി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഇളയമകൻ ദേവദാസ് ഗാന്ധിയുടെയും സി.രാജഗോപാലാചാരിയുടെ മകൾ ലക്ഷ്മിയുടെയും മകനാണ് 72 കാരനായ ഗോപാൽകൃഷ്ണ ഗാന്ധി. 1945 ഏപ്രിൽ 22 നാണ് ഗോപാൽകൃഷ്ണ ഗാന്ധിയുടെ ജനനം. ദില്ലി സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഗോപാൽകൃഷ്ണ ഗാന്ധി 1968 മുതൽ 1992 വരെ ഇന്ത്യൻ സിവിൽ സർവീസിൽ സേവനമനുഷ്ഠിച്ചു. 1992 ൽ അദ്ദേഹം സിവിൽ സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 1985 മുതൽ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതൽ 1992 വരെ രാഷ്ട്രപതിയുടെ ജോ.സെക്രട്ടറിയായും 1997 ൽ രാഷ്ട്രപതിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചി്ട്ടുണ്ട്.
ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സാംസ്‌കാരിക വിഭാഗം മിസ്റ്ററായി പ്രവർത്തിച്ചു. ലണ്ടൻ നെഹ്‌റു സെന്റർ ഡയറക്ടറായിരുന്നു. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ശ്രീലങ്ക, എന്നീ രാജ്യങ്ങളിൽ ഹൈക്കമ്മീഷണറായും, നോർവെ, എസ്ലാൻഡ് എന്നിവിടങ്ങളിൽ ഇന്ത്യയുടെ അംബാസഡറായും ഗോപാൽ കൃഷ്ണ ഗാന്ധി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെയാണ് ഗോപാൽ കൃഷ്ണ ഗാന്ധി പശ്ചിമബംഗാൾ ഗവർണറായത്. നന്ദിഗ്രാം കലാപത്തെ ശക്തമായി അപലപിച്ച ഗോപാൽകൃഷ്ണ ഗാന്ധി, ബംഗാളിലെ ഗ്രാമീണ പ്രദേശങ്ങളിൽ വേഷപ്രച്ഛന്നനായി സഞ്ചരിച്ചത് ഔട്ട് ലുക്ക് മാഗസിൻ പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി പുസ്തകങ്ങൾ രചിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുള്ള ഗോപാലകൃഷ്ണ ഗാന്ധി അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്.
2012 ൽ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി നിർദേശിച്ചെങ്കിലും, മൽസരത്തിൽ നിന്നും ഗോപാൽകൃഷ്ണ ഗാന്ധി ഒഴിഞ്ഞുമാറുകയായിരുന്നു. ഗോപാൽ കൃഷ്ണ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധി ഈ മാസം അവസാനം മമതാ ബാനർജിയുമായും മായാവതിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗോപാൽകൃഷ്ണ ഗാന്ധിയ്ക്ക് പിന്തുണ തേടി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പടിനായിക്, വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഗോപാൽ കൃഷ്ണ ഗാന്ധി, മീരാകുമാർ എന്നിവർക്ക് പുറമെ, എൻസിപി നേതാവ് ശരദ് പവാർ, ജെഡിയു അധ്യക്ഷൻ ശരദ് യാദവ് എന്നിവരുടെ പേരുകളും പ്രതിപക്ഷ സ്ഥാനാർത്ഥിത്വത്തിലേയ്ക്ക് പരിഗണനയിലുണ്ട്.
അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഇപ്പോഴും ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല.വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഛാർഖണ്ഡ് നേതാവും ആദിവാസി വനിതാ നേതാവുമായ ദ്രൗപതി മുർമു, കേന്ദ്രമന്ത്രി എം വെങ്കയ്യനായിഡു, ദളിത് നേതാവും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ തവർചന്ദ് ഗെഹ് ലോട്ട്, ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ക്യാംപുകളിൽ നിന്നും ഉയരുന്നത്.
അതേസമയം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബിജെപി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ, ബാബറി മസ്ജിദ് പൊളിച്ചതിലെ ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തിയത് ഇവരുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്