പ്രളയ ദുരിതത്തിലായ കേരളത്തിന് ദുരിതാശ്വാസമായി മഹാത്മ ഗാന്ധി സമാഹരിച്ചത് 6,000 രൂപ. ആശ്ചര്യപ്പടേണ്ട കാര്യം സത്യമാണ്. പക്ഷേ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനല്ല എന്നതാണ് കാര്യം. 94 വര്‍ഷം മുമ്പുണ്ടായ ദുരന്തത്തിനാണ് മഹാത്മ ഗാന്ധി പണം പിരിച്ചത്. അന്നത്തെ പ്രളയത്തെ ചിന്തിക്കാന്‍ കഴിയാത്തത് എന്നാണ് അദ്ദഹം വിശേഷിപ്പിച്ചതെന്നും റെക്കോര്‍ഡുകള്‍ പറയുന്നു.
തന്റെ യംങ് ഇന്ത്യ, നവജീവന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെയാണ് ഗാന്ധിജി കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ലേഖനങ്ങള്‍ എഴുതിയത്. ജനങ്ങളോട് മലബാറിനെ സഹായിക്കണമെന്ന് തന്റെ ലേഖന പരമ്പരയിലൂടെ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷയെ ഏറ്റെടുത്ത ജനങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണ്ണാഭരണങ്ങളുമടക്കം സംഭാവനയായി നല്‍കുകയായിരുന്നു.
ദുരിതബാധിതരെ സഹായിക്കാനായി ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ചവരും തങ്ങള്‍ക്ക് കുടിക്കേണ്ട പാല്‍ സംഭാവനയായി നല്‍കിയവരും അന്നുണ്ടായിരുന്നു എന്നും റെക്കോര്‍ഡുകളില്‍ കാണുന്നു. ദുരിതാശ്വാസത്തിലേക്ക് സംഭാവന നല്‍കാനായി മൂന്ന് പൈസ മോഷ്ടിച്ച ഒരു പെണ്‍കുട്ടിയുടെ കഥ നവജീവനില്‍ ഗാന്ധിജി എഴുതി.