![](https://dailyindianherald.com/wp-content/uploads/2016/10/GANESH-KUMAR-PV-.png)
ബന്ധുനിയമന വിവദത്തില്‍ രാജിവെച്ച ഇപി ജയരാജന് പകരം കേരളാകോണ്‍ഗ്രസ് ബി നേതാവും സിനിമാനടനുമായ കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാലോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തെ കുറിച്ച് പാര്‍ട്ടിസെക്രട്ടറി കോടിയേരിയുമായി പിണറായി എകെജി സെന്ററില്‍ ചര്‍ച്ച നടത്തി. മന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ചയാളാണ് ഗണേഷ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മികച്ച പ്രതിച്ഛായുള്ള മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. അദ്ദേഹം വഹിച്ച വനം സ്‌പോട്‌സ് വകുപ്പുകള്‍ മികവുറ്റതാക്കുന്നതില്‍ ഗണേഷ്‌കുമാര്‍ പ്രശംസയേറ്റുവാങ്ങിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒരുമന്ത്രി തല്‍ക്കാലം മന്ത്രിസഭയിലേക്ക് പുതുതായി വരേണ്ടതില്ലെന്നാണ് പിണറായി പറയുന്നത്. അത്‌കൊണ്ട് തന്നെ ഗണേഷിനെ മന്ത്രിയാക്കുന്നതിനോടാണ് പിണറായിക്ക് താല്‍പര്യം.എകെ ബാലന് വ്യവസായ വകുപ്പ് ലഭിക്കുമ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന സിനിമ വകുപ്പ് ഗണേശ്കുമാറിന് നല്‍കാനും ഒരുവശത്ത് ആലോചന നടക്കുന്നു. അങ്ങനെ വന്നാല്‍ ജയരാജന്‍ വഹിച്ചിരുന്ന സ്‌പോര്‍ട്‌സ് വകുപ്പും ഗണേശിന് ലഭിച്ചേക്കും.
സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ മന്ത്രിവേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നാല്‍ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിനാണ് മുന്‍തൂക്കം. ഡിവൈഎഫ്‌ഐ നേതാവും കെ ബാബുവിനെ തോല്‍പ്പിച്ച് തൃപ്പുണിത്തുറയില്‍ നിന്നും വിജയിച്ച യുവ എംഎല്‍എ എം സ്വരാജിനെയും, റാന്നിയില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയ രാജുഎബ്രഹാമിനേയും പരിഗണിക്കും. ഗണേഷിനെ ഒഴിവാക്കുകയാണെങ്കില്‍ സൗമ്യനും കരുത്തനുമായ സുരേഷ് കുറുപ്പിനായിരിക്കു സാധ്യത. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരില്‍ തുടര്‍ച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനെ ഇനി അവഗണിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
ഏറ്റുമാനൂര്‍ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായര്‍ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂര്‍ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വിജയം ആവര്‍ത്തിച്ചു. കോട്ടയം ലോക്‌സഭയില്‍ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. ബിഡിജെഎസ് ഉയര്‍ത്തിയ വെല്ലുവിളി പോലും അതിജീവിച്ചാണ് സുരേഷ് കുറുപ്പ് വമ്പന്‍ വിജയം നേടിയത്. അതുകൊണ്ട് തന്നെ മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നുണ്ട്.
മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയില്‍ രാജു എബ്രഹാം 5 വട്ടം ജയിച്ചിട്ടും മന്ത്രിയാക്കിയില്ല പേരുദോശം പാര്‍ട്ടി നേരിടുന്നുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസ് കോട്ടയാണ് റാന്നി. ഇവിടെയാണ് അഞ്ചുതവണയായി രാജു എബ്രഹാം ജയിച്ചു കയറുന്നത്. ഇത്തവണയെങ്കിലും പത്തനംതിട്ടയുടെ പ്രതിനിധിയായി മന്ത്രിയാകുമെന്ന് കരുതി. എന്നാല്‍ മാത്യു ടി തോമസ് പത്തനംതിട്ടയില്‍ നിന്ന് മന്ത്രിയാകുന്നതിനാല്‍ രാജു എബ്രഹാം വേണ്ടെന്നായിരുന്നു സിപിഐ(എം) തീരുമാനം. ജയരാജന്‍ രാജിവച്ച ഒഴിവില്‍ രാജു എബ്രഹാമിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം എസ് ശര്‍മ്മയെ മന്ത്രിയാക്കണമെന്ന് വി എസ്-ബേബി പക്ഷം ആവശ്യപ്പെടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട് .പിണറായി ഗ്രൂപ്പ് മന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുക ബേപ്പൂര്‍ എംഎല്‍എ യും വ്യവസായ പ്രമുഖനും കോഴിക്കോട് മേയറുമായിരുന്ന വി.കെ.സി മമ്മദിനെയായിരിക്കും എന്ന തരത്തിലുള്ള വിവരങ്ങളും ലഭിക്കുന്നു. പിണറായി പക്ഷക്കാരനായ എം. സ്വരാജിന്റെ പേരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു.