പാലക്കാട് : സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബംബര്‍ ലോട്ടറി ലഭിച്ചയാളെ കണ്ടെത്തി. പാലക്കാട് ചിറ്റിലഞ്ചേരിക്കു സമീപം ചേരാമംഗലം പഴന്തറയില്‍ ഗോപാലന്റെ മകന്‍ ഗണേശന്‍ (29) ആണ് ആ വലിയ ഭാഗ്യവാന്‍. രണ്ടാഴ്ച മുന്‍പ് നറുക്കെടുത്ത ബംബറിന്റെ ഒന്നാം സമ്മാനമായ എട്ടുകോടി രൂപയുടെ അവകാശിയെക്കാത്തിരിക്കുകയായിരുന്നു അധികൃതരും ഏജന്‍സികളും.
ഇതിനിടെ പല കഥകളും പ്രചരിച്ചു. ലോട്ടറിയടിച്ചയാളുടെ ടിക്കറ്റ് കുടുംബം കടലാസുകള്‍ക്കൊപ്പം അറിയാതെ കത്തിച്ചു എന്നുള്‍പ്പെടെയായിരുന്നു വാര്‍ത്തകള്‍. ഈ സമയത്തൊക്കെ വീട്ടിലുണ്ടായിരുന്ന ടിക്കറ്റ് ഒത്തുനോക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു തൃശൂരില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്.
ലോട്ടറി ടിക്കറ്റ് ജോലിസ്ഥലത്തേയ്ക്ക് ഇത്തവണ എടുക്കാനും മറന്നു. പണിത്തിരക്കുകാരണം കഴിഞ്ഞയാഴ്ച വീട്ടിലേയ്ക്കു പോകാനുമായില്ല. ലോട്ടറി അടിച്ചയാളെ തിരയുന്ന വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്തപ്പോള്‍ മനസില്‍ ആകാംക്ഷ ഉയരാതിരുന്നില്ല. മണ്ണൂത്തി കുരിതാന്‍ ഭാഗത്തുനിന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്നതുകൂടി കേട്ടപ്പോള്‍ സംശയംവര്‍ധിച്ചു. ഇന്നലെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരും ഇക്കാര്യം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ടിക്കറ്റ് ഫലവുമായി ഒത്തുനോക്കിയപ്പോഴാണ് എട്ടുകോടി രൂപയ്ക്ക് അര്‍ഹനാനയെന്ന് വ്യക്തമായി. എങ്കിലും വിശ്വാസം വരാതെ ലോട്ടറി അധികൃതരെ വിളിച്ച് ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു.
പഴന്തറയില്‍ നാലുസെന്റ് സ്ഥലത്ത് മുഴുവന്‍ നിര്‍മാണം തീരാത്ത വീട്ടിലാണ് ഗണേശന്‍, സഹോദരന്‍ ഗിരീഷ് എന്നിവര്‍ താമസിക്കുന്നത്. ഗിരീഷ് തൃശൂരില്‍ സ്വര്‍ണപണിക്കാരനാണ്. ഉളളതെല്ലാം വിറ്റുപെറുക്കിയാണ് വീടു പണിതത്. പൂര്‍ത്തിയാക്കാനുളള പണം സ്വരൂപിക്കാനുളള ശ്രമങ്ങള്‍ക്കിടയിലാണ് ലോട്ടറി അടിച്ചത്.
ടിക്കറ്റ് വൈകുന്നേരത്തോടെ നെന്മാറ എസ്ബിടിയില്‍ ഏല്‍പ്പിച്ചു. സാമ്പത്തിക ബാധ്യതകള്‍ ആദ്യം തീര്‍ക്കണം. ബാക്കി പണം എങ്ങനെ ഉപയോഗിക്കാമെന്ന് എല്ലാവരും കൂടി ആലോചിച്ചു തീരുമാനിക്കുംവീട്ടിലിരുന്ന് ഗണേശ് പറഞ്ഞു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/