തിരുവനന്തപുരം: മാധ്യമങ്ങള്‍ അടക്കമുളള ഒരു വിഭാഗം തന്നെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. എന്നോട് വ്യക്തി വിരോധം ഉളളതുപോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കും. ഇന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അന്ന് മാറ്റിപ്പറയേണ്ടി വരും. ചെയ്യാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമസഭയില്‍ അനില്‍ അക്കരയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ഗണേഷ് കുമാര്‍.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം എനിക്കെതിരെ ഉന്നയിക്കുന്നത്. ഇന്ന് ഞാന്‍, നാളെ നീ എന്ന കാര്യം പ്രതിപക്ഷത്തുള്ളവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ ബൈബിളിലെ സങ്കീര്‍ത്തനം വായിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അഞ്ചല്‍ അഗസ്ത്യകൂടത്ത് വച്ച് ഗണേഷ് കുമാറും പിഎയും ചേര്‍ന്ന് അനന്തകൃഷ്ണന്‍ എന്ന യുവാവിനെ മര്‍ദ്ദിക്കുകയും അമ്മ ഷീനയെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് എംഎല്‍എയ്ക്കെതിരായ പരാതി. തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്.
അതിനിടെ, കേസ് അന്വേഷിക്കുന്ന അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സിഐ മോഹന്‍ദാസിനെയാണ് കോട്ടയം പൊന്‍കുന്നത്തേക്ക് സ്ഥലം മാറ്റിയത്. സിഐയെ കേസിന്റെ അന്വേഷണം ഏല്‍പ്പിച്ചത് വിവാദമായിരുന്നു. സംഭവത്തിന് സാക്ഷിയായിരുന്നു സിഐയെന്നും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നുമാണ് ആരോപണമുയര്‍ന്നത്.