തിരുവനന്തപുരം: നിരന്തരമായ പീഡനത്തെ ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് വാര്‍ത്തയായപ്പോള്‍ കുടുങ്ങിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഘപരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി കുമ്മനത്തിന്റെ വലം കയ്യായി പല സമരങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ തീപ്പൊരിയായി ഈ സ്വാമിയെ ഇപ്പോള്‍ തള്ളിപറയേണ്ട ഗതികേടിലാണ് സംഘപരിവാര്‍ അനുകൂലികള്‍.
എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ശ്രീഹരി. ഗണേശാനന്ദ തീര്‍ത്ഥ സ്വാമി, ഗംഗാശാനന്ദ സ്വാമി എന്നീ പേരുകളില്‍ ഇയാള്‍ അറിയപ്പെടുന്നുണ്ട്. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയെന്ന നിലയിലാണ് സ്വാമി കേരളീയ പൊതുസമൂഹത്തില്‍ നിറഞ്ഞത്.
എന്നാല്‍ ശ്രീഹരിക്ക് ആശ്രമവുമായി ബന്ധമില്ലെന്നും 15 വര്‍ഷം മുമ്പ് ഇയാള്‍ ആശ്രമം വിട്ടിരുന്നുവെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നതെന്ന് പന്മന ആശ്രമം പറയുന്നു. എന്നാല്‍ ഈ വാദം പോലീസ് തള്ളികളഞ്ഞു.
പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രീയം മുറിച്ചതോടെയാണ് സ്വാമിയെ തള്ളിപ്പറഞ്ഞ് പന്മന ആശ്രമം രംഗത്ത് വന്നത്. എന്നാല്‍ പതിനഞ്ച് കൊല്ലമെന്ന ആശ്രമത്തിന്റെ വാദം നിലനില്‍ക്കുന്നതല്ല. ഈ അടുത്ത കാലത്ത് പോലും സ്വാമി പന്മന ആശ്രമത്തിന്റെ പേരുപയോഗിച്ച് സാമൂഹിക ഇടപെടലുകളില്‍ സജീവമായിരുന്നു
ഇടക്കിടെ പന്മന ആശ്രമത്തില്‍ ഇപ്പോഴും എത്താറുണ്ടായിരുന്നു. 15 ദിവസം മുമ്പ് ആശ്രമത്തില്‍ ഇയാള്‍ എത്തിയിരുന്നുവെന്നും പരിപാടിയില്‍ പങ്കെടുത്ത് അന്നുതന്നെ മടങ്ങുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ചവറ പൊലീസ് ആശ്രമത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതും ആശ്രമവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
സംഘപരിവാര്‍ സംഘടനയുമായി അടുത്ത ബന്ധം സ്വാമിക്കുണ്ടായിരുന്നു. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ജന്മഗ്രഹ ഭൂസമരവുമായി ബന്ധപ്പെട്ട സമരത്തിലൂടെയാണ് ആര്‍ എസ് എസുമായി അടുത്തത്. പിന്നീട് ആറന്മുള സമരത്തിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിലുമെല്ലാം നിറഞ്ഞു.
ഇതില്‍ പന്മന ആശ്രമത്തിന്റെ പേരിലായിരുന്നു സ്വാമി സജീവമായത്. എന്തുകൊണ്ട് പതിനഞ്ച് കൊല്ലമായി ആശ്രമത്തില്‍ നിന്ന് പറത്താക്കിയ ഗംഗാശാനന്ദ സ്വാമി ആശ്രമത്തിന്റെ പേരുപയോഗിച്ചിട്ടും അതിനെ ചോദ്യം ചെയ്തില്ലെന്നത് തീര്‍ത്തും വിചിത്രമാണ്. അതുകൊണ്ട് തന്നെ പന്മന ആശ്രമത്തില്‍ ഈ അടുത്ത കാലത്തും സ്വാമി എത്തിയിരുന്നുവെന്ന പൊലീസ് ഭാഷ്യം കൂടിയാകുമ്പോള്‍ ആശ്രമത്തിന്റേത് നിലനില്‍പ്പിനായൂള്ള പത്രക്കുറിപ്പാണെന്ന് വ്യക്തമാവുകയാണ്.
ഇത് അടിവരയിടുന്നതാണ് ജന്മഭൂമിയിലെ ഈ വാര്‍ത്ത. ഈ വര്‍ഷം ഫെബ്രുവരി 17ന് നല്‍കിയ വാര്‍ത്തയാണ് ഇതിന് ആധാരം. തട്ടയില്‍ തിരുമംഗലത്ത് മഹാദേവക്ഷേത്രത്തിലെ ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും മഹാശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയില്‍ കൊല്ലം പന്മന ആശ്രമാധിപതി സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വിശദീകരിക്കുന്നത്.
പ്രഞ്ചത്തിലെ സകലചരാചരങ്ങളിലും മാതൃഭാവത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കാണ് ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കുകയുള്ളു എന്ന് കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍. പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന വിചാരസത്രം സമാപന ദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍ ലോകമേതറവാട് എന്നാണ് നമ്മുടെ സങ്കല്‍പ്പം.
ശ്രീനാരായണ ഗുരുദേവന്‍ അഹിംസയുടെ പ്രയോക്താവാണെന്നും അദ്ദേഹം അനുകമ്പ ദശകത്തില്‍ ഒരു പീഡപോലും ഉറുമ്പിനെ ഏല്‍പ്പിക്കരുതെന്ന് പറയുന്നുണ്ടെങ്കിലും ഗുരുദേവ ചിത്രം വെച്ച് മാംസംഭക്ഷിച്ചുകൊണ്ടാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇത് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന പരിപാടിയുടെ വിശദീകരണവുമാണ്. ഇവിടേയും പന്മന ആശ്രത്തിന്റെ പേരാണ് സ്വാമി ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കണമെന്നും പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ വേണം നേടിയെടുക്കാനെന്നും കൊല്ലം പന്മന ആശ്രമം സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ അയ്യമ്പിള്ളി കണ്ഠച്ചനാശാന്‍ സ്മാരക വൈദിക സംഘത്തിന്റെ ഗുരുകുല വിദ്യാപീഠത്തിന്റെ വാര്‍ഷിക ചടങ്ങില്‍ പറഞ്ഞതായി മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആശ്രമവുമായും സംഘപരിവാര്‍ സംഘടനകളുമായും സ്വാമിക്ക് അടുത്ത ബന്ധമാണുള്ളത്.