ഹൈദരാബാദ്: ദീപാവലി ആഘോഷങ്ങള്‍ക്കിടെ 20 വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഹൈദരാബാദിലെ ഹയാത്ത്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സെയില്‍സ് ഗേളായി ജോലിചെയ്യുന്ന പെണ്‍കുട്ടി ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാറിലെത്തിയ മൂന്നംഗ സംഘം യുവതിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് സഞ്ചരിക്കുന്ന കാറില്‍ യുവതിയെ സംഘം ബലാത്സംഗത്തിനിരയാക്കി. ഇതിനിടെ പെണ്‍കുട്ടിയെ തിരഞ്ഞിറങ്ങിയ നാട്ടുകാര്‍ കാര്‍ തടഞ്ഞപ്പോള്‍ സംഘം പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു.
പ്രതികള്‍ക്ക് വേണ്ടി ഹയാത്ത് നഗര്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിടുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രസാദ്, ശിവ, മല്ലേശ് എന്നിവരാണ് പ്രതികള്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. യുവതി സ്ഥിരമായി ജോലി കഴിഞ്ഞ് തനിച്ച് വരുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്ന യുവാക്കള്‍ ദീപാവലി ദിവസം കൃത്യത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു
തനിച്ച് വരികയായിരുന്ന തന്നെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ച് കയറ്റുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പിന്നീട് ഓരോരുത്തരായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു.
യുവതിയെ കാറില്‍ വലിച്ച് കയറ്റുന്നത് കണ്ട ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുടുംബം തിരച്ചില്‍ നടത്തിയപ്പോഴാണ് കാര്‍ കണ്ടെത്തിയത്. കാര്‍ തടഞ്ഞപ്പോള്‍ യുവാക്കള്‍ ഇറങ്ങിയോടി. നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. രോഷാകുലരായ നാട്ടുകാര്‍ കാര്‍ തകര്‍ത്തു..