ന്യൂഡല്‍ഹി:ഗംഗാനദി മലിനമാക്കുന്നവര്‍ക്ക് ഇനി ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും നല്‍കുന്ന നിയമനിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഗംഗ ദേശീയ നദി ബില്‍ – 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയാറാക്കിയത്.
ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു നിയമലംഘനത്തിന്റെ പട്ടികയില്‍ വരിക.
ഗംഗയുടെ ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ജലസംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നും ബില്ല് തയാറാക്കിയ ജസ്റ്റീസ് ഗിരിധാര്‍ മാളവ്യ ശിപാര്‍ശ ചെയ്തു. ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ബില്ല് മറ്റൊരു വിദഗ്ധസമിതി പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അന്തിമ കരട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യും.