ദക്ഷിണ ഡല്‍ഹിയില്‍ സ്‌കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് 150-ഓളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയിലെ റാണി ജഹാന്‍സി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് വാതകചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസ തടസ്സമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.
സ്‌കൂളിനടുത്തുള്ള തുഗ്ലക്കാബാദ് കണ്ടയ്‌നര്‍ ഡിപ്പോയില്‍ നിന്നാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് സംശയിക്കുന്നത്.
കുട്ടികളെല്ലാം ക്ലാസ്സിലുണ്ടായിരുന്ന സമയത്താണ് വാതക ചോര്‍ച്ചയുണ്ടായത്. രാവിലെ 7.35ഓടെയാണ് ഇതു സംബന്ധിച്ച പോലീസിന് വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചപ്പോള്‍ തന്നെ പോലീസും എമര്‍ജന്‍സി ആംബുലന്‍സുകളും ദേശീയ ദുരന്തനിവാരണസേനയും സ്‌കൂളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുണ്ടെന്നും കുട്ടികളെല്ലാം സുരക്ഷിതരാണെന്നും ആശുപത്രിയില്‍ അവരെ സന്ദര്‍ശിച്ച ശേഷം ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ പകുതിയിലേറെ വിദ്യാര്‍ത്ഥികളും പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെന്നും, എന്നാല്‍ 59 കുട്ടികള്‍ ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
എങ്ങനെയാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായതെന്ന് കണ്ടെത്താന്‍ പോലീസും ദുരന്ത നിവാരണ സേനയും പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ടയ്‌നര്‍ ഡിപ്പോയ്ക്കുള്ളില്‍ വച്ച് ടാങ്കര്‍ ലോറിയില്‍ നിന്ന് ചോര്‍ച്ചയുണ്ടാവുകയോ അല്ലെങ്കില്‍ ചോര്‍ച്ചയുണ്ടായ ലോറിയുമായി ഡ്രൈവര്‍ സ്‌കൂളിന് സമീപം കടന്നു പോകുകയോ ചെയ്തിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.