സ്വന്തം ലേഖകൻ
ലണ്ടൻ: കുളിക്കുമ്പോൾ പോലും പൂർണ നഗ്നനാകുന്നതിനു ഇസ്ലാമിൽ വിലക്കുണ്ടെന്ന പ്രചാരണവുമായി ഇസ്ലാം മത പണ്ഠിതർ നേതൃത്വം നൽകുന്ന സോഷ്യൽ മീഡിയ സൈറ്റ്. ഇസ്ലാമിക് ക്വാട്ട് എന്നു പേരിട്ടിരിക്കുന്ന ഓൺലൈൻ മാധ്യമമാണ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. നഗ്നത തെറ്റാണെന്നും, ഇത് പുറത്തു പറയുന്നത് പാപമാണെന്നുമാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.
മാധ്യമത്തിലെ പോസ്റ്റ് ഇങ്ങനെ
ചോദ്യം : നഗ്‌നത വെളിവാക്കുന്നത് തെറ്റല്ലേ? എന്നാൽ ഏതെങ്കിലും നിർബന്ധിത സാഹചര്യത്തിൽ അതിൽ ഇളവുണ്ടോ? ഉദാഹരണത്തിന് ഒരാൾ കുളിക്കുന്ന സമയത്ത് നഗ്‌നനായി കുളിക്കുന്നത് അനുവദനീയമാണോ?
മറുപടി : ഒറ്റക്കാണെങ്കിലും നഗ്‌നത മറക്കണെന്നാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം. എന്നാൽ കുളി, വിസർജ്ജനം പോലുള്ള ആവശ്യങ്ങൾക്ക് നഗ്‌നനാവുന്നത് തെറ്റല്ല. അത്തരം അവശ്യ സന്ദർഭങ്ങളിൽ വസ്ത്രമൊന്നും തന്നെ ഇല്ലാതിരിക്കുന്നതിനും പ്രശ്നമില്ല.
കർമശാസ്ത്ര വിജ്ഞാന കോശത്തിൽ വിവരിക്കുന്നു (???????? ???????) : ജനങ്ങളിൽ നിന്ന് നഗ്‌നത മറക്കൽ നിർബന്ധമായതു പോലെ ഒരാൾ ഒറ്റക്കാകുമ്പോൾ നഗ്‌നത മറക്കലും നിർബന്ധമാണ്. അതായത് ആളുകളൊന്നും ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണെങ്കിലും അത് മറക്കണമെന്ന് ചുരുക്കം. ഹനഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായം ഇതാണ്. ശാഫിഈ, ഹനഫി മദ്ഹബുകളുടെ നിലപാടും ഇത് തന്നെയാണ്.
മാലികി മദ്ഹബുകാർ പറയുന്നു: ഒറ്റക്കാകുമ്പോൾ നഗ്‌നത മറക്കൽ ഐശ്ചികമാണ്. അല്ലാഹുവിന്റെയും മലക്കുകളുടെയും മുമ്പിലുള്ള ലജ്ജയുടെ ഭാഗമാണ് ഒറ്റക്കാകുമ്പോൾ നഗ്‌നത മറക്കൽ. ‘ഏറ്റവും അധികം ലജ്ജ തോന്നേണ്ടത് അല്ലാഹുവിന്റെ മുമ്പിലല്ലേ’ എന്ന ഹദീസാണ് ഒറ്റക്കാകുമ്പോഴും നഗ്‌നത മറക്കൽ നിർബന്ധമാണെന്ന് പറയുന്നവരുടെ തെളിവ്.
ബഹസ് ബിൻ ഹകീം തന്റെ പിതാവിൽ നിന്നും പിതാമഹനിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഏതൊക്കെ ഭാഗങ്ങളാണ് ഞങ്ങൾ മറക്കേണ്ടത്? നബി(സ) പറഞ്ഞു: നിന്റെ ഇണയും അടിമയും അല്ലാത്തവരിൽ നിന്ന് നിന്റെ നഗ്‌നത മറക്കുക. അയാൾ ചോദിച്ചു: ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ കൂടെയാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു: മറ്റാരും അത് കാണാതെ മറച്ചു വെക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ. അപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു : ഒരാൾ ഒറ്റക്കാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ മുന്നിലാണ് ഏറ്റവും അധികം ലജ്ജ കാണിക്കേണ്ടത്. ഒറ്റക്കാകുമ്പോഴും നഗ്‌നത മറക്കണമെന്നും കുളി പോലുള്ള ആവശ്യങ്ങൾക്ക് അതിൽ ഇളവുണ്ടെന്നും ഇതിൽ നിന്ന് മനസിലാക്കാം.