
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും. ഇന്ന് തന്നെ ബഞ്ചില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ എഡിജിപിയും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ഗവാസ്കറിനെ അക്രമിച്ച കേസിൽ ആശുപത്രി രേഖയും എഡിജിപിയുടെ മകളുടെ മൊഴിയും രണ്ടുതരത്തില്‍. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഒാട്ടോ ഇടിച്ചതെന്നാണ് ആശുപത്രിരേഖ. ഗവാസ്കറുടെ പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കും. സുദേഷ്കുമാറിനോടും ഭാര്യയോടും മകളോടും ക്രൈംബ്രാഞ്ച് സമയം ചോദിച്ചു.
ഇതിനിടെ, പുതിയ പരാതിയുമായി എഡിജിപി രംഗത്തെത്തി. തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന സുദേഷ് കുമാറിന്റെ പരാതിയില്‍ പൊലീസ് ഉടനടി കേസെടുത്തു. നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണു ഗവാസ്കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്നാണു ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നല്കിയ പരാതിയില്‍ എഡിജിപി ആരോപിച്ചത്. എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്കറെ ജൂലൈ നാലുവരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന കേസിനെ തുടര്‍ന്നു നടപടി നേരിട്ടപ്പോളൊന്നും പറയാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണു കേസ് ഹൈക്കോടതിയിൽ എത്തിയതിനു പിന്നാലെ നല്കിയ പരാതിയിലുള്ളത്. ഗവാസ്കര്‍ക്കു പരുക്കേറ്റതു തന്റെ മകള്‍ മര്‍ദിച്ചിട്ടല്ല. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടത്തില്‍പെട്ടതാവാം. പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണു ഗവാസ്കറുടെ പരാതി. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ് കുമാർ പരാതിപ്പെട്ടു. ഗവാസ്കര്‍ അപമര്യാദയായി പെരുമാറിയെന്നു കാണിച്ചു സുദേഷ് കുമാറിന്റെ മകളും പരാതി നല്കി.
ആ പരാതിയിലെവിടെയും വാഹനം അലക്ഷ്യമായി ഓടിച്ചെന്നോ ഗവാസ്കര്‍ക്കു പരുക്കേറ്റെന്നോ പറയുന്നില്ല. പരസ്പരവിരുദ്ധമാണ് എഡിജിപിയുടെയും മകളുടെയും പരാതിയെന്നു വ്യക്തം. ഗവാസ്കറുടെ അറസ്റ്റു തടഞ്ഞ ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടു. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഗവാസ്കര്‍ നല്കിയ ഹര്‍ജിയിലാണു നടപടി. കേസിൽ മൊഴിയെടുപ്പിന് അപ്പുറം അന്വേഷണം എവിെടയുമെത്തിയിട്ടില്ല. പുതിയ പരാതികളുയരുന്നത് അന്വേഷണം വൈകിപ്പിക്കാനാണെന്ന് ആക്ഷേപവുമുയർന്നു.എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെയും ഭാര്യയുടെയും മകളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷം ഗവാസ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. സുധേഷ് കുമാറിനോടും ഭാര്യയോടും മകളോടും ക്രൈംബ്രാഞ്ച് സമയം ചോദിച്ചു.