കമൽഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗൗതമി

ചെന്നൈ: ഉലകനായകൻ കമൽഹാസനെതിരെ മുൻ ജീവിത പങ്കാളിയും നടിയും കോസ്റ്റ്യൂം ഡിസൈനറുമായ ഗൗതമി. പുതിയ രാഷ്ട്രീയ കക്ഷിയെ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ പ്രചാരം തുടങ്ങിയ കമൽഹാസനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി ഗൗതമി രംഗത്തെത്തിയത്. കമൽഹാസനുമായി ഗൗതമിക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ ഇത് നിഷേധിച്ച് ഗൗതമി രംഗത്ത് വരികയായിരുന്നു. “ഈ വാർത്തകൾ തെറ്റാണ്. എനിക്ക് വ്യക്തിപരമായോ ഔദ്യോഗികമായോ കമൽഹാസനുമായി യാതൊരു ബന്ധവും ഇല്ല. അവയെല്ലാം 2016 ഒക്ടോബറിൽ അവസാനിച്ചതാണ്. ഞാനും എന്റെ മകളും സ്വയം അദ്ധ്വാനിച്ചാണ് ജീവിക്കുന്നത്. അത്യന്തം സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഏറ്റവും സ്വതന്ത്രമായി ശ്വസിക്കാനും ആശങ്കകളില്ലാതെ ജീവിക്കാനും സാധിക്കുന്ന നിലയിലാണ് ഞങ്ങളുളളത്”, ഗൗതമി തന്റെ ബ്ലോഗിൽ കുറിച്ചു.കമൽഹാസന്റെ മൂന്നാമത്തെ ഭാര്യയാണ് ഗൗതമി. കമൽഹാസൻ സ്ഥാപിച്ചതും അദ്ദേഹം നേതൃത്വം നൽകുന്നതുമായ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിനെതിരെ സാമ്പത്തിക ആരോപണങ്ങളാണ് ഗൗതമി ഉന്നയിച്ചിരിക്കുന്നത്.കമൽഹാസനുമായി ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് പുറത്തിറങ്ങിയ വിശ്വരൂപം, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലെ പ്രതിഫലം ലഭിക്കാനുണ്ടെന്ന് ഗൗതമി പറഞ്ഞു. “13 വർഷത്തെ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയിൽ കോസ്റ്റ്യൂം ഡിസൈനറായി ഞാൻ പ്രവർത്തിച്ചത് രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും കമൽഹാസൻ മറ്റ് നിർമ്മാതാക്കൾക്ക് വേണ്ടി അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടിയും മാത്രമാണ്. ഇതാണ് എന്റെ പ്രാഥമിക വരുമാന സ്രോതസ്. മറ്റുളളവരുടെ ചിത്രങ്ങളിൽ കോസ്റ്റ്യൂം രൂപകൽപ്പന ചെയ്യുന്നതും അഭിനയിക്കുന്നതും ഈ കാലഘട്ടത്തിൽ നിരുത്സാഹപ്പെടുത്തി.  മാത്രമല്ല  2016 ഒക്ടോബറിന് ശേഷവും വിശ്വരൂപം, ദശാവതാരം ചിത്രങ്ങളിലെ പ്രതിഫലം എനിക്ക് നൽകിയില്ലെന്ന് പറയാൻ വളരെ ദുഃഖമുണ്ട്”.പല തവണ പ്രതിഫലത്തിന് വേണ്ടി രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിനെ സമീപിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. “എനിക്കിത് പറയാൻ വളരെയധികം മനോവിഷമം ഉണ്ട്”, ഗൗതമി കുറ്റപ്പെടുത്തി.

Top