സ്‌പോട്‌സ് ഡെസ്‌ക്
പോർട്ട് ഓഫ് സ്‌പെയിൻ: ട്വന്റി20 ക്രിക്കറ്റിലെ മിന്നലടിക്കാരനായ വെസ്റ്റിൻഡീസ് ഇതിഹാസതാരം ക്രിസ് ഗെയിലിന് നാട്ടിൽ നിന്നും ഒരു പിൻഗാമി. വേഗത്തിൽ റൺസ് നേടുന്ന കാര്യത്തിൽ മിടുക്കനായ ട്രിനിഡാഡ് ആന്റ് ടുബാഗോ ബാറ്റ്‌സ്മാൻ ഇറാഖ് തോമസാണ് ഗെയിലിന്റെ പാത പിന്തുടരുന്നത്. കുട്ടിക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറിയുടെ ലോകറെക്കോഡ് ഗെയിലിൽ നിന്നും ഇറാഖ് തട്ടിപ്പറിച്ചു.
കേവലം 21 പന്തിൽ സെഞ്ച്വറി കുറിച്ച ഇറാഖ് അഞ്ച് ബൗണ്ടറികളും 15 സിക്‌സറുകളുമായി 31 പന്തുകളിൽ അടിച്ചത് 131 റൺസ്. ലൂയിസ് ഡിയോറിൽ ഞായറാഴ്ച ടുബാഗോ ക്രിക്കറ്റ് അസോസിയേഷന്റെ ട്വന്റി20 മത്സരത്തിലായിരുന്നു ഇറാഖിന്റെ പ്രകടനം. ആദ്യ മത്സരത്തിൽ 53 പന്തിൽ 97 റൺസ് കുറിച്ച ഇറാഖ് രണ്ടാമത്തെ മത്സരത്തിൽ കാഴ്ചവെച്ച മാരക ബാറ്റിംഗിലാണ് വെസ്റ്റിൻഡീസ് സൂപ്പർതാരം പിന്നിലായത്. ഇറാഖിന്റെ തകർപ്പൻ ബാറ്റിംഗ് വന്നതോടെ മത്സരത്തിൽ തോമസിന്റെ ടീമായ സ്‌കാർബറോ/മാസൻഹാൾ എതിരാളികളാ സ്‌പോസൈഡിന്റെ 152 റൺസ് വെറും എട്ട് ഓവറിൽ മറികടന്നു.
ഇറാഖിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു. പൂണെ വാരിയേഴ്‌സിനെതിരേ 2013 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ടീമിന് വേണ്ടി 30 പന്തിൽ ഗെയിൽ കുറിച്ച സെഞ്ച്വറിയുടെ റെക്കോഡാണ് പഴങ്കഥയായത്്. പക്ഷേ ഈ മത്സരത്തിൽ ഗെയിൽ 175 റൺസ് നേടിയിരുന്നു. അടുത്ത കാലത്ത് വെസ്റ്റിൻഡീസ് ക്രിക്കറ്റിൽ അത്ഭുത താരങ്ങളുടെ വരവാണ്. ഹിറ്റർമാരുടെ ഇടമായ ട്വന്റി20 യിൽ പുരുഷ വനിതാ ലോകകപ്പുകൾ വെസ്റ്റിൻഡീസ് നേടിയിരുന്നു.