തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തീക ഉപദേഷ്ടാവിന്റെപേരില്‍ ധനമന്ത്രി ഡോ തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ തര്‍ക്കം മുറുകുന്നതായി റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനത്തിന്റെ പേരില്‍ മോദിയെ ഗീതാഗോപിനാഥ് പുകഴ്ത്തിയത് സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയായിരുന്നു. ഗീതാ ഗോപിനാഥിന്റെ ലേഖനം മുഖ്യമന്ത്രിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയതും. ഇടതുപാര്‍ട്ടികള്‍ നോട്ട് നിരോധനത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തീക ഉപദേഷ്ടാവ് മോദിയെ പിന്തുണച്ച് എത്തുന്നത്.
അതിനിടെ ഗീതയുടെ അഭിപ്രായം നരേന്ദ്രമോദിക്ക് അനുകൂലമായ പശ്ചാത്തലത്തില്‍ അവരെ മാറ്റണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിലും ശക്തമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും സി.പി.എം. ജനറല്‍ സെക്രട്ടറിയും തമ്മില്‍ ആശയവിനിമയം നടത്തിയതായി അറിയുന്നു. പിണറായി സര്‍ക്കാര്‍ നരേന്ദ്രമോദിയെ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്നാണ് ഐസക്ക് അനുകൂലികള്‍ രഹസ്യമായി പറയുന്നത്. എന്നാല്‍ അക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഐസക്ക് അനുകൂലികള്‍ക്ക് കഴിയുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവിനെ നീക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കാന്‍ സാധ്യതയില്ല. അങ്ങനെ നിര്‍ദ്ദേശം നല്‍കിയാലും അത് പിണറായി വിജയന്‍ അംഗീകരിക്കാന്‍ തരമില്ല. യച്ചൂരിയും പിണറായിയും തമ്മിലുള്ള ബന്ധം ദൃഢതരമല്ല. ഗീതാഗോപിനാഥ് തന്റെ സാമ്പത്തിക ഉപദേഷ്ടാവ് മാത്രമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയല്ലെന്നും പിണറായി പറയുന്നു.
ഗീതാഗോപിനാഥിന്റെ വിഷയം നിരന്തരം ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ തോമസ് ഐസക്കിന്റെ കരങ്ങള്‍ ഉണ്ടെന്നുതന്നെയാണ് പിണറായിക്ക് സംശയം. താന്‍ വലിയ സാമ്പത്തിക വിദഗ്ദ്ധനായുള്ളപ്പോള്‍ ഗീതയെ ഉപദേഷ്ടാവായി നിയമിച്ചതിലാണ് ഐസക്കിന് അതൃപ്തി. അത് കൊണ്ട് തന്നെ ഗീതാ ഗോപിനാഥിന്റെ ലേഖനങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാക്കാന്‍ തോമസ് ഐസക്കിനോട് അടുത്ത കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.