പാക് മണ്ണിലെ ഏകാന്തതയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ന് ഇന്ത്യയിലെത്തും

കറാച്ചി:  പാക് മണ്ണിലെ ഏകാന്തതയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ന് ഇന്ത്യയിലെത്തും. പാക് മണ്ണില്‍ അവളെ ഇതുവരെ പൊന്നു പോലെ കാത്ത ഈദി ഫൗണ്ടേഷന്റെ അഞ്ച് അംഗങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും ഇന്ത്യ ബധിരയും മൂകയുമായ ഗീതയെ സ്വീകരിക്കുക. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അയച്ചു കൊടുത്ത ചിത്രത്തില്‍ നിന്ന് ഗീത തന്റെ അച്ഛനെയും വളര്‍ത്തമ്മയെയും സഹോദരങ്ങളെയും തിരിച്ചറിഞ്ഞതോടെയാണ് 25കാരിക്ക് മാതൃരാജ്യത്തേക്കുള്ള മടക്കത്തിന് വഴിയൊരുങ്ങിയത്.geetha
 
അറിയാതെ അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തിയ ഗീതയുടെ കുടുംബം ബിഹാറിലാണ് ഇപ്പോള്‍ താമസം. ബന്ധുക്കളെ തിരിച്ചറിയാനായി സര്‍ക്കാര്‍ ഡി.എന്‍.എ പരിശോധനയും നടത്തുന്നുണ്ട്. അതിനു ശേഷം മാത്രമേ ഇവരെ കുടുംബങ്ങള്‍ക്ക് കൈമാറൂ. പതിനഞ്ച് വര്‍ഷം മുമ്പാണ് ഗീത പാകിസ്താനില്‍ എത്തിയത്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് പോയ സംഝോധ എക്‌സ്പ്രസില്‍ ഏഴോ എട്ടോ വയസ്സു പ്രായമുള്ള ഗീതയെ പാകിസ്താന്‍ റേഞ്ചേഴ്‌സ് കണ്ടെത്തുകയായിരുന്നു.
 
ലാഹോര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അന്നേരം അവള്‍. ബധിരയും മൂകയുമായ അവളെ കറാച്ചിയിലെ ഈദി ഫൗണ്ടേഷന്‍ ദത്തെടുത്തു. ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദിയുടെ ഭാര്യയും നഴ്‌സുമായ ബില്‍ഖീസ് ബാനുവാണ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തത്. ഗീത എന്ന പേരിട്ടതും ഫൗണ്ടേഷന്‍ തന്നെ. ഇന്ത്യയില്‍ ഒറ്റപ്പെട്ട പാകിസ്താനി പെണ്‍കുട്ടിയുടെ കഥ പറയുന്ന, ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌രംഗി ഭായ്ജാന്‍ എന്ന സിനിമ ഇറങ്ങിയ ശേഷമാണ് ഗീതയുടെ കഥ പുറംലോകമറിഞ്ഞത്.
 
കറാച്ചിയില്‍ നിന്ന് ഇന്ന് രാവിലെ എട്ടു മണിക്കുള്ള വിമാനത്തിലാണ് ഗീത ന്യൂഡല്‍ഹിയിലേക്ക് തിരിക്കുകയെന്ന് ഫൗണ്ടേഷന്‍ അംഗം ഫഹദ് ഈദി പറഞ്ഞു. ഫഹദിന് പുറമേ, ഇദ്ദേഹത്തിന്റെ പിതാവ് ഫൈസല്‍, അമ്മ, മുത്തശ്ശി, ബില്‍ഖീസ് ഈദി എന്നിവരാണ് ഗീതയ്‌ക്കൊപ്പമുണ്ടാകുക. എല്ലാവരും സര്‍ക്കാറിന്റെ അതിഥികളായാണ് ഇന്ത്യയിലെത്തുന്നത്.
‘വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം താമസിക്കുന്ന ഗീത കുടുംബാംഗത്തെ പോലെയാണ്. ഞങ്ങള്‍ക്കൊപ്പം അവള്‍ ഇനിയുമുണ്ടാകണമെന്നാണ് ആഗ്രഹം. എങ്കിലും യഥാര്‍ത്ഥ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അവള്‍ അവളുടെ രാജ്യത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു’ – ഫഹദ് പറഞ്ഞു.
 
ഡി.എന്‍.എ പരിശോധനയില്‍ ഫലം നെഗറ്റീവായാല്‍ ഗീതയെ സുരക്ഷിതമായി ഇന്ത്യയില്‍ താമസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവന്റെ ശ്രമഫലമായാണ് പിറന്ന മണ്ണിലേക്കുള്ള ഗീതയുടെ മടക്കം വേഗത്തില്‍ യാഥാര്‍ത്ഥ്യമായത്.
Top