
കല്‍പ്പറ്റ: സി.കെ. ജാനുവിനെതിരെ ആരോപണവുമായി വീണ്ടും ഗീതാനന്ദന്. ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം തടസ്സപ്പെടാന്‍ കാരണം സി കെ ജാനുവാണെന്ന് ഗീതാനന്ദന്. ആദിവാസി നേതാവില്‍ നിന്നും കരാറുകാരിയിലേക്ക് ജാനു മാറിയതാണ് ആദിവാസികള്‍ക്കു തിരിച്ചടിയായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്കു ഭൂമി നല്‍കുമെന്നാണു കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇതില്‍ 16 കുടുംബങ്ങള്‍ക്കു കൈവശരേഖ മാത്രമാണ് നല്‍കിയത്. ഇപ്പോള്‍ ഇവര്‍ക്കായി മാറ്റിവച്ച ഭൂമിയിലെ കാട് വെട്ടുകയാണ്. ഇതു പൂര്‍ത്തിയായതിനു ശേഷമാണ് ഭൂമി നല്‍കുക. കാടുവെട്ടല്‍ പ്രവൃത്തി അതതു കുടുംബങ്ങളെ ഏല്‍പ്പിക്കണമെന്നാണു തങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് മൊത്തം ജാനു കരാര്‍ പ്രകാരം ഏറ്റെടുക്കുകയായിരുന്നു. ജാനു രൂപീകരിച്ച പാര്‍ട്ടിയായ ജെആര്‍എസിന്റെ നേതാക്കളാണു പലയിടങ്ങളിലും റവന്യൂ വകുപ്പുമായി കരാര്‍ ഉണ്ടാക്കിയത്. ഇതു പ്രകാരം കാടുവെട്ടല്‍ തുടങ്ങിയെങ്കിലും പാതി വഴിയിലായ അവസ്ഥയിലാണ്. ജോലി ചെയ്ത ആദിവാസികള്‍ക്കു കൂലി നല്‍കാത്തതാണു കാരണം.
ഭൂമിവിതരണം നീണ്ടുപോവുകയും ചെയ്തു. ഇതു മറച്ചുവച്ച് കുടില്‍കെട്ടല്‍ സമരം നടത്തുന്നത് സംഘപരിവാര അജണ്ടയുടെ ഭാഗമായാണെന്നും ഗീതാനന്ദന് പറഞ്ഞു. മുത്തങ്ങ സമരത്തില്‍ വെടിയേറ്റ് മരിച്ച ജോഗിയുടെ മകന് ശിവന്, രമേശന് കൊയാലിപ്പുര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.