
കല്‍പ്പറ്റ: സി.കെ. ജാനു ബിജെപിയുമായി അടുത്തതോടുകൂടി ഗോത്രമഹാസഭയില്‍ അന്തഛിദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗീതാനന്ദനും സി.കെ. ജാനുവിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. സി.കെ. ജാനുവിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് എം. ഗീതാനന്ദന് ആവശ്യപ്പെട്ടു.
ജാനുവിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കണം. മുത്തങ്ങ അനുസ്മരണ സമ്മേളനത്തിനായി മാത്രം പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗം പേരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. സമരങ്ങള്‍ക്കു പുറത്തു നിന്നുള്ള സാമ്പത്തിക ശക്തികളുടെ പിന്തുണയുണ്ട്. കള്ളപ്പണം വെളുപ്പിക്കാനായി അവര്‍ ജാനുവിനെ കരുവാക്കുകയാണ്. പണമൊഴുക്കി ആദിവാസി സമൂഹത്തിനിടയില്‍ വിള്ളലുണ്ടാക്കാനാണ് ജാനുവിന്റെ ശ്രമം. ആദിവാസികളെ ഭിന്നിപ്പിക്കാനായി പണം കൈപ്പറ്റുന്ന ജാനു സംഘപരിവാര്‍ ശക്തികളുടെ കളിപ്പാട്ടമായി മാറിയെന്നും ഗീതാനന്ദന് ആരോപിച്ചു.
മുത്തങ്ങ കലാപത്തില്‍ കൊല്ലപ്പെട്ട ജോഗിയുടെ മകന് ശിവന് അധ്യക്ഷനായി ഗോത്രമഹാസഭ പുനഃസംഘടിപ്പിക്കുമെന്ന് എം.ഗീതാനന്ദന്. ആദിവാസികളുടെ ഗോത്രമഹാസഭയില്‍ ഗീതാനന്ദന് എന്തു കാര്യമെന്ന് നേരത്തെ സി.കെ.ജാനു ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജോഗിയുടെ മകനെ തന്റെ പക്ഷത്തു നിര്‍ത്തി ഗീതാനന്ദന് മറുപടി നല്‍കുന്നത്. ഇതോടെ ജാനുവിന്റെ നേതൃത്വത്തിലും ജോഗിയുടെ മകന്റെ നേതൃത്വത്തിലും രണ്ടു ഗോത്രമഹാസഭയുണ്ടാകും.
കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് ഗീതാനന്ദന് ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ടാംവാരം ആരംഭിക്കാനിരിക്കുന്ന നില്പ് സമരത്തോടൊപ്പം പട്ടയം കിട്ടിയ ആദിവാസികളെ കുടിയിരുത്താനുള്ള നടപടികളും ഗോത്രമഹാസഭ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.