സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയിൽ കോവിഡ് നിർണ്ണയത്തിന് പ്രത്യേക ക്രമീകരണം ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയിൽ ഏറ്റവും അധികം ശ്രവ പരിശോധനകൾ നടത്തുന്ന സെന്ററായ കോട്ടയം ജനറൽ ആശുപത്രിയിൽ ഇതുവരെ പേ-വാർഡിന്റെ വരാന്തയിൽ സ്ഥാപിച്ചിരുന്ന കിയോസ്‌ക് മുഖേനയായിരുന്നു ശ്രവ ശേഖരണം നടത്തിയിരുന്നത്.
ഇത് ആരോഗ്യ പ്രവർത്തകർക്കും ശ്രവ പരിശോധനയ്ക്ക് എത്തുന്നവർക്കും മറ്റ് രോഗികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ഒഴിവാക്കി ശ്രവ പരിശോധനയ്ക്ക് കൂടുതൽ സുരക്ഷിതത്വവും ശ്രവ പരിശോധനയ്ക്ക് എത്തുന്നവർക്ക് സാമൂഹിക അകലം പാലിച്ച് വിശ്രമ സൗകര്യവും ഒരുക്കുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകി പുതിയ സംവിധാനം ഒരുക്കിയത്.
നിലവിൽ ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചു വരു ന്ന പാലിയേറ്റീവ് സെന്ററിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കി പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തി ശ്രവ പരിശോധന സംവിധാനത്തിന് മികച്ച സൗകര്യം ഒരുക്കി. ഇനി ശ്രവ പരിശോധന കിയോസ്‌ക് ഇവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.
ആരോഗ്യ പ്രവർത്തർക്ക് സുരക്ഷിതമായ ക്യാബിൻ സൗകര്യങ്ങളും പരിശോധനയ്ക്ക് എത്തുന്നവർക്ക് സുരക്ഷിതമായ വിശ്രമ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. പുതിയ ശ്രവ പരിശോധന സംവിധാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, മുനിസിപ്പൽ കൗൺസിലർ സാബു പുളിമൂട്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, എൻ. എച്ച്. എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,
പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ അജിൻ ലാൽ, പാലിയേറ്റീവ് വിഭാഗം ഡോക്ടർമാരായ ഡോ. സാറാമ്മ വർഗ്ഗീസ്, ഡോ. ആശ പി. നായർ, എച്ച്. എം. സി. അംഗങ്ങളായ രാജീവ് നെല്ലിക്കുന്നേൽ, ബൈജു മാറാട്ടുകുളം, മുഹമ്മദ് റഫീക്ക്, എൻ. കെ. നന്ദകുമാർ, ബോബൻ തോപ്പിൽ എന്നിവർ സംബന്ധിച്ചു. 17-ാം തീയതി മുതൽ ജനറൽ ആശുപത്രിയിലെ ശ്രവ പരിശോധന ഈ സെന്റർ മുഖേന നടത്തുന്നതായിരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.