തൃശ്ശൂര്‍: മൂന്നാറിലെ പെമ്പിളൈ ഒരുമയുടെ പ്രവര്‍ത്തകരെ ആക്ഷേപിച്ചുള്ള വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ കുടുംബത്തെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജോര്‍ജ് വട്ടുകുളം വീട്ടിലില്ലാത്ത തക്കം നോക്കി പൊലീസ് വീട്ടിലെത്തി ഭാര്യയെയും മകനെയും ചിലരേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് വട്ടുകുളം ആരോപിക്കുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു ഇടുക്കിയില്‍ നിന്നാണെന്ന് പറഞ്ഞ് ചില പൊലീസുകാര്‍ ജോര്‍ജ് വട്ടുകുളത്തിന്റെ തൃശ്ശൂരിലുള്ള വീട്ടിലെത്തിയത്. ഏത് സ്റ്റേഷനില്‍ നിന്നാണെന്ന് പോലും പറയാതെ പൊലീസുകാര്‍ ചില പേപ്പറില്‍ ആദ്യം ഭാര്യയോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് ഭാര്യ സമ്മതിക്കാതായതോടെ പതിനേഴ് വയസുള്ള തന്റെ മകനെ കൊണ്ട് ഒപ്പിടീക്കാന്‍ ശ്രമിച്ചതായും ജോര്‍ജ് വട്ടുകുളം മാധ്യമങ്ങളോട് പറഞ്ഞു.
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ മണിയുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്ന് പൊലീസ് പറഞ്ഞതായും ഇദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന് എന്തെങ്കിലും അറിയണമെങ്കില്‍ തന്നോട് നേരിട്ട് ചോദിക്കാമെന്നിരിക്കെ താനില്ലാത്ത സമയം നോക്കി വീട്ടിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ഇടുക്കിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു എം.എം മാണി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ അശ്ശീല ചുവയില്‍ പ്രസംഗിച്ചത്. സംഭവം വലിയ വിവാദമായതോടെ ഇതുമായി ബന്ധപ്പെട്ട് ജോര്‍ജ് വട്ടകുളമാണ് മണിക്കെതിരെ കേസെടുക്കണമെന്നവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത്.
ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ചില പേപ്പറുമായി വന്ന് പൊലീസുകാര്‍ നിര്‍ബന്ധിച്ച് വട്ടുകുളത്തിന്റെ ഭാര്യയെയും മകനെയും കൊണ്ട് ഒപ്പിടീക്കാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പിക്കും ഐ.ജിക്കും പരാതി നല്‍കുമെന്നും കേസ് പരിഗണിക്കുമ്പോള്‍ തിങ്കളാഴ്ച ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ജോര്‍ജ് വട്ടുകുളം പറഞ്ഞു.