![](https://dailyindianherald.com/wp-content/uploads/2021/07/gaziyabad.png)
ലഖ്നൗ: അതിരുവിട്ട തമാശ തകർത്തത് യുവാവിന്റെ ജീവിതം. രണ്ടു സുഹൃത്തുക്കൾ ചേർന്ന് നിർബന്ധിച്ച് സ്വകാര്യ ഭാഗത്തുകൂടി എയർ കംപ്രസർ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തരിക ഭാഗം തകരുകയായിരുന്നു. ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ് ക്രൂരകൃത്യം ചെയ്തത്.
സംഭവത്തിൽ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 83ലെ സ്ഥാപനത്തിൽ ജോലിക്കാരാണ് മൂന്നുപേരും കൂടൽ തകർന്ന് ചികിത്സയിലുള്ള യുവാവിന്റെ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ചെറുകുടലും വൻകുടലിന്റെ ഭാഗവും തകർന്നിട്ടുണ്ട്. ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത് ഭേദമാക്കാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്.
മലദ്വാരത്തിലൂടെ എയർ കംപ്രസർ തിരുകിക്കയറ്റി സുഹൃത്തുക്കൾ കാറ്റ് അടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച് ആക്രമണം തുടർന്നു. അതിനിടെ രക്തം ഛർദിക്കുകയായിരുന്നു. യുവാവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് ഏറെനാൾ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ് കൂടെയുള്ളവരുടെ ആക്രമണത്തിന് ഇരയായത്. യുപിയിൽ ഇതിന് മുൻപും സമാനമായ രീതിയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
“ആശുപത്രിയിൽ, എന്റെ സഹോദരൻ അല്പം സംസാരിക്കാൻ ശ്രമിച്ചു. സംഭവസമയത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും രക്തം ഛർദ്ദിച്ചുവെന്നും മറ്റ് നാലഞ്ചു പേർ ഈ സമയത്ത് അവിടെയുണ്ടായിരുന്നുവെന്നും അവർ അവനെ പരിഹസിച്ച് ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.” സഹോദരൻ സുരേഷ് പറഞ്ഞു. ഇതിന് പിന്നാലെ ചില പ്രാദേശിക ഗുണ്ടകൾ തങ്ങളുമായി ബന്ധപ്പെട്ട് കേസിൽ നിന്ന് പിന്തിരിയണമെന്ന് ഭീഷണിപ്പെടുത്തിയതായും സുരേഷ് പറയുന്നു.
സന്ദീപുമായി തർക്കമുണ്ടായതിനെത്തുടർന്നാണ് ഇരുവരും കൊല്ലാൻ ശ്രമിച്ചതെന്ന് സെൻട്രൽ നോയിഡയിലെ എസിപി -1 അബ്ദുൽ ഖാദിർ പറഞ്ഞു. ഐപിസി സെക്ഷൻ 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോയിഡയിലെ സിവിൽ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.