ലക്നൗ: യു.പി. ഗോരഖ്നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ. പ്രതിക്ക് ഐ.എസ്. ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശിക്ഷ വിധിച്ചത് എന്‍.ഐ.എ. കോടതിയാണ്.
ഏപ്രിലിലാണ് ആക്രമണം നടന്നത്. യു.പി. പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി ഉദ്യോഗസ്ഥനെ ആക്രമിച്ച അബ്ബാസി വൈകാതെ അറസ്റ്റിലായി. ചോദ്യംചെയ്യലിനിടെയാണ് പ്രതിയുടെ ഐ.എസ്. ബന്ധം തിരിച്ചറിയുന്നത്.
ഐ.എസിനു വേണ്ടി പോരാടാന്‍ പ്രതിജ്ഞ എടുത്തയാളാണ് അബ്ബാസിയെന്നും ഐ.എസിനു സാമ്പത്തിക സഹായമടക്കം അബ്ബാസി നല്‍കിയിരുന്നെന്നുമാണ് യു.പി. എ.ഡി.ജി.പിയുടെ വാക്കുകള്‍. കേസില്‍ ഐ.പി.സി. 121 വകുപ്പു പ്രകാരം വധശിക്ഷയും 307 പ്രകാരം ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഗോരഖ്പുരിലെ സിവില്‍ ലൈന്‍സ് മേഖലാ നിവസിയായ അബ്ബാസി 2015-ല്‍ മുംബൈ ഐ.ഐ.ടിയില്‍നിന്നു കെമിക്കല്‍ എന്‍ജിനീയറിങ് പാസായി. പിന്നീട് രണ്ടു കമ്പനികളില്‍ ജോലിചെയ്തിരുന്നു.
2017-ല്‍ അബ്ബാസിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായെന്നും അതോടെ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.