പത്തനംതിട്ട:പത്തനംതിട്ടയില്‍ എങ്ങും യക്ഷികള്‍ ..ജനം ഭീതിയില്‍ ..അര്‍ദ്ധരാത്രി വെള്ളസാരിക്കാരി യുവതി സ്‌കൂട്ടറിനെ തടഞ്ഞു.യക്ഷിക്കഥകള്‍ തീപ്പൊരിപോലെ പരക്കുകയാണ്. ചില പ്രത്യേക സ്ഥലങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ യക്ഷി വിളയാടുമ്പോള്‍ അത് സത്യമോ മിഥ്യയോ എന്ന് അറിയാതെ ജനം ഭീതിയില്‍.കഞ്ചാവ്-മയക്കുമരുന്ന് കച്ചവടക്കാര്‍ യക്ഷിവേഷം കെട്ടിയതാണെന്ന് ചിലര്‍ പറയുമ്പോള്‍ യക്ഷിയുടെ തലോടലേല്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച മറ്റു ചിലര്‍ക്ക് അത് നടുക്കുന്ന ഓര്‍മയാണ്. പന്തളത്തിന് അടുത്ത് മങ്ങാരം, പത്തനംതിട്ടയ്ക്ക് സമീപം ചെന്നീര്‍ക്കര എന്നിവിടങ്ങളിലാണ് വെള്ളവസ്ത്രം ധരിച്ച യക്ഷി പാറിപ്പറന്ന് നടക്കുന്നത്. പന്തളത്തെ യക്ഷി പട്ടാപ്പകല്‍ പ്ളസ് 2 വിദ്യാര്‍ത്ഥിയെ ആക്രമിച്ചപ്പോള്‍ ചെന്നീര്‍ക്കരയില്‍ അത് അര്‍ധരാത്രി ആയിരുന്നുവെന്ന് മാത്രം.
കഴിഞ്ഞ മാസം 21 നാണ് മുട്ടാര്‍ ജങ്ഷനില്‍ യക്ഷിവിളക്കാവിന് സമീപം വച്ച് ‘യക്ഷി’ ആക്രമിച്ചത്. മറന്നു വച്ച ബുക്ക് എടുക്കാന്‍ വേണ്ടി പോയ പന്തളം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അഭിഷേകിനെയാണ് അജ്ഞാത സ്ത്രീ യക്ഷിക്കാവിനു മുന്നിലിട്ട് ആക്രമിച്ചതായി പറയുന്നത്. കാവിന്റെ മതിലിനോട് ചേര്‍ന്നു കിടക്കുകയായിരുന്നുവത്രേ ഇവര്‍. വിജനമായ സ്ഥലം. നട്ടുച്ച.സ്ത്രീയുടെ അടുത്തേക്ക് ചെല്ലുകയും ഇവര്‍ കുട്ടിയുടെ ഇടതു കൈയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയുമായിരുന്നുവത്രേ. കുട്ടി രക്ഷപ്പെടാന്‍ കുതറുന്നതിനിടെ ഇവര്‍ മുരണ്ടു കൊണ്ട് കൈമുഴുവന്‍ മാന്തിക്കീറി. ഭയന്നു പോയ കുട്ടി അലറി വിളിച്ചെങ്കിലും സമീപപ്രദേശം വിജനമായതിനാല്‍ ആരും കേട്ടില്ല. ഒടുവില്‍ സ്ത്രീയെ തള്ളിമറിച്ചിട്ട് കുട്ടി രക്ഷപ്പെടുകയായിരുന്നു. ഭയന്നു വിറച്ച് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. അവര്‍ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതോടെയാണ് യക്ഷിക്കഥ നാട്ടില്‍ പരന്നത്. പൊടിപ്പും തൊങ്ങലും വച്ച് ഇത് പറന്നു നടക്കുന്നു. എന്നാല്‍, പരമ്പരാഗത യക്ഷിയുടെ രൂപവുമായി കുട്ടി നല്‍കിയ വിവരങ്ങള്‍ യോജിക്കുന്നില്ല. തന്നെ ആക്രമിച്ച സ്ത്രീക്ക് 60 വയസു വരുമെന്നും കാപ്പിപ്പൊടിയും ചന്ദനവും നിറങ്ങള്‍ കലര്‍ന്ന സാരിയാണ് വേഷമെന്നും മുഖത്ത് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും അഭിഷേക് പറയുന്നു. യക്ഷിക്കഥയുടെ പ്രാന്തപ്രചാരകന്മാര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. യക്ഷിക്ക് ഏതുവേഷം വേണമെങ്കിലും സ്വീകരിക്കാമല്ലോ എന്ന് അവരും വാദിക്കുന്നു. ഈ യക്ഷിയാണോയെന്ന് അറിയില്ല 10 കിലോമീറ്ററിന് ഇപ്പുറം ചെന്നീര്‍ക്കരയിലും ലാന്‍ഡ് ചെയ്തത്.
ചെന്നീര്‍ക്കര ഗവ. ഐടിഐയുടെ പരിസരങ്ങളിലെ ഇടവഴികളില്‍ യക്ഷി പ്രത്യക്ഷപ്പെടുന്നുവെന്നാണ് വാര്‍ത്ത. അടുത്തിടെ ഐടിഐയിലെ ഒരു പെണ്‍കുട്ടി തീകൊളുത്തി മരിച്ചിരുന്നു. ഈ കുട്ടിയുടെ പ്രേതമാണ് ഇതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ദുരൂഹസാഹചര്യത്തില്‍ മറ്റൊരു യുവതിയും ഇവിടെ മരിച്ചിട്ടുണ്ടത്രേ. ഇവര്‍ രണ്ടുപേരില്‍ ആരെങ്കിലുമാകാം, ഇവിടെ പാറിപ്പറക്കുന്നത് എന്ന് കരുതുന്നവരും കുറവല്ല.
കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസിലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു വന്ന യുവാവ് യക്ഷിയെ നേരിട്ടു കണ്ടുവത്രേ. കണ്ണങ്കര-ഐടിഐ റോഡില്‍ മാത്തൂരിലേക്ക് തിരിയുന്ന വളവില്‍ വച്ച് രാത്രി രണ്ടു മണിക്ക് വെള്ള വസ്ത്രം ധരിച്ച സ്ത്രീരൂപം വാഹനം തടയുകയായിരുന്നു. ഭയന്നു വിറച്ച സ്‌കൂട്ടറും മറിച്ചിട്ട് ഓടി അടുത്തുള്ള വീട്ടിലേക്ക് കയറി. ആളെക്കൂട്ടി അപ്പോള്‍ തന്നെ യക്ഷിയെ കണ്ട സ്ഥലത്തു ചെന്നു. സ്‌കൂട്ടര്‍ മാത്രം കേടില്ലാതെ അവിടെ കിടന്നിരുന്നു.
ഇതോടെ യക്ഷിക്കഥ നാടു മുഴുവന്‍ പ്രചരിച്ചു. ശാലേം സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് ഐടിഐയിലേക്ക് വരുന്ന ഇടവഴികളില്‍ യക്ഷിയെ കണ്ടുവെന്നായിരുന്നു പ്രചാരണം. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഐ.ടി.ഐ പരിസരങ്ങളിലും വിദ്യാലയ പരിസരങ്ങളിലും വന്‍തോതില്‍ എത്തുന്നുവെന്ന് കഴിഞ്ഞ കുറെക്കാലമായി പരാതികള്‍ ഏറുകയാണ്. ഐടിഐയില്‍ മുമ്പ് പഠിച്ചിരുന്ന പലരിലൂടെയും രാത്രികാലങ്ങളില്‍ ഇവിടേക്ക് ലഹരി വസ്തുക്കളുടെ കടത്തുണ്ട്. ഇതിന് നാട്ടുകാരെ ഭയപ്പെടുത്താനാണ് യക്ഷികളെ ഇറക്കി വിട്ടിരിക്കുന്നതെന്നും പറയുന്നു. എന്തായാലും കുരിശും കുറുവടിയുമായി പൊലീസ് ഇറങ്ങിയിട്ടുണ്ട്. ഏതു നിമിഷവും യക്ഷി തളയ്ക്കപ്പെട്ടേക്കാം