സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ 56 മുൻ എംപിമാർ തങ്ങളുടെ വീട്ടുവാടക അടക്കമുള്ള ഇനത്തിൽ സർക്കാരിനു ബാധ്യത വരുത്തി വച്ചത് 90 ലക്ഷം രൂപ. തങ്ങളുടെ ലൂട്ടെൻസ് സോണിൽ അനുവദിച്ച ബംഗ്ലാവിന്റെ വാടക അടയ്ക്കാതെയാണ് എംപിമാരിൽ പലരും സർക്കാരിനു കനത്ത ബാധ്യത നൽകിയിരിക്കുന്നത്. ഇവരിൽ പലരും കാലാവധി കഴിഞ്ഞിട്ടും വാടക നൽകാതെ ഡൽഹിയിലെ തങ്ങൾക്കു സർക്കാർ അനുവദിച്ച സ്ഥലത്തു തന്നെ താമസിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ക്രിക്കറ്റ് താരവും കോൺഗ്രസ് എംപിയുമായിരുന്ന മുഹമ്മദ് അസുറുദീന്റെ പേരിൽ രണ്ടരലക്ഷം രൂപയാണ് വാടക ഇനത്തിൽ കുടിശികയുള്ളത്. ആർജെഡി നേതാവ് മംഗാനി ലാൽ മന്ദറിന്റെ പേരിൽ 4.42 ലക്ഷം രൂപയാണ് കുടിശികയുള്ളത്. മുൻ എംപിയും സിനിമാ താരവുമായിരുന്ന ജയപ്രദയുടെ കുടിശിക 1.68 ലക്ഷം രൂപയാണ്. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് നേതാവ് പ്രദാപ് സിങ് ബജ്വായ്ക്കു 1.47 ലക്ഷം രൂപയുടെ കുടിശികയാണ് ഉള്ളത്. കോൺഗ്രസ് നേതാവ് രാജ് ബബ്ബാറിനു 1.24 ലക്ഷം രൂപയാണ് സർക്കാരിനു കുടിശിക ഇനത്തിൽ അടയ്ക്കാനുള്ളത്.
ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെ പേരിൽ 3.84 ലക്ഷം രൂപയാണ് കുടിശികയുള്ളത്. റാം കാട്ട് യാദവിന്റെ പേരിൽ 2.05 ലക്ഷവും, ദിലീപ് സിങ് ജൂഡോയുടെ പേരിൽ 3.58 ലക്ഷം രൂപയും കുടിശികയുണ്ട്. വിവരാവകാശ പ്രവർത്തകനായ സുഭാഷ് അഗർവാൾ നൽകിയ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്ത് വീടിന്റെ വാടക ഇനത്തിൽ കുടിശിക വരുത്തിയവരിൽ ഏറ്റവും കൂടുതൽ കുടിശിക വരുത്തിയിരിക്കുന്നത് 56 എംപിമാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബിജെപിയുടെ മുൻ എംപി ഗിരീഷ്കുമാറാണ്. 23.07 ലക്ഷം രൂപ കുടിശികയുള്ള ഗിരീഷ് കുമാറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മുൻപ് കോൺഗ്രസ് അംഗമായിരുന്ന ഗിരീഷ്കുമാർ അടുത്തിടെയാണ് ബിജെപിയിൽ ചേക്കേറിയത്. 1969 രൂപ മുതൽ 23.07 ലക്ഷം രൂപ വരെയാണ് എംപിമാർക്കു കുടിശിയുള്ളത്.