ക്രൈം ഡെസ്ക്
സ്കൂൾ ടോയ്ലറ്റിൽ മാനഭംഗത്തിനിരയായ പതിനാറു വയസുകാരി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ജനനേന്ദ്രിയത്തിനും അണ്ഡവാഹിനി കുഴലിനും ഗുരുതരമായ പരുക്കേറ്റ പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി. യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായെന്നു സംശയിക്കുന്നു. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. പെൺകുട്ടി കൊടുമൺ സ്വദേശിയായ ഹരികൃഷ്ണ(22)നുമായി ദീർഘനാളായി പ്രണയത്തിലാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്ലസ് വൺ ക്ലാസിലേക്കു ട്യൂഷനു പോയ പെൺകുട്ടിയുടെ പിന്നാലെ ഹരികൃഷ്ണൻ കൂടുകയായിരുന്നു. ഇരുവരും കതക് തുറന്ന് കിടന്ന സ്കൂൾ ബാത്ത്റൂമിലേക്കു പോയി. ഏറെക്കഴിഞ്ഞ് അവശയായി നടന്ന പെൺകുട്ടിയെ അടുത്ത വീട്ടിലെ സ്ത്രീയാണ് ആദ്യം കണ്ടത്. കുട്ടിയിൽനിന്നു ഫോൺ നമ്പർ വാങ്ങി പിതാവിനെ വിളിച്ചു. തന്നെ ആരോ കുത്തി പരുക്കേൽപിച്ചെന്നാണു കുട്ടി ഇവരോട് പറഞ്ഞിരുന്നത്. പിതാവ് പറഞ്ഞ പ്രകാരം അവർ കുട്ടിയെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി വൈകാതെ പെൺകുട്ടി കൂടുതൽ അവശയായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണു പീഡനവിവരം പുറത്തുവന്നത്. ജനറൽ ആശുപത്രിയിലെ ഡോക്ടർ മനസിലാക്കി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ പെൺകുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ തിങ്കളാഴ്ച ഐ.സി.യുവിലേക്കു മാറ്റി. കാമുകനായ ഹരികൃഷ്ണനാണു തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി തന്നെ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ജനനേന്ദ്രിയത്തിലുണ്ടായ ആഴത്തിലുള്ള മുറിവും അണ്ഡവാഹനിക്കുഴലിനുണ്ടായ പരുക്കുകളും ഒന്നിലധികം ആൾക്കാർ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന സംശയമുണ്ടാക്കി. മറ്റുള്ളവരെ രക്ഷപ്പെടാൻ പോലീസ് സഹായിക്കുന്നതായി ആരോപണമുണ്ട്. ഹരികൃഷ്ണനും പെൺകുട്ടിയും തമ്മിൽ നേരത്തെ ബന്ധപ്പെട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.
കുട്ടി മറ്റാർക്കുമെതിരേ മൊഴി നൽകിയിട്ടില്ലെന്നു ചിറ്റാർ സി.ഐ. എം.ജി. സാബു പറഞ്ഞു. ഡോക്ടറുടെ റിപ്പോർട്ടിലും അസ്വാഭാവികമായി ഒന്നുമില്ലെന്നാണു പോലീസ് ഭാഷ്യം.