ചെങ്ങന്നൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് പമ്പയാറ്റിലേക്ക് എടുത്തുചാടിയ യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആറന്മുള വല്ലന സ്വദേശിയായ യുവതിയാണ് കല്ലിശേരി റെയില്‍വേ പാലത്തിലൂടെപോയ ട്രെയിനില്‍നിന്ന് നദിയിലേക്കു ചാടിയത്. സംഭവം അറിഞ്ഞെത്തിയ മുണ്ടന്‍കാവ് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ കോട്ടൂര്‍ കിഴക്കേതില്‍ അശോക്കുമാര്‍ (ബിജു-40), സുഹൃത്ത് കൊട്ടാരത്തില്‍ സുധീഷ് ദേവരാജന്‍ (39) എന്നിവര്‍ നദിയിലേക്ക് ചാടി മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് അവശനിലയിലായ യുവതിയെ ഉടന്‍തന്നെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ട്രെയിനില്‍ നിന്നുള്ള ചാട്ടത്തിനിടെ റെയില്‍വേ പാലത്തില്‍ തട്ടി യുവതിയുടെ ഇടതു തുടയെല്ലുകള്‍ ഒടിയുകയും വയറ്റിലും പുറത്തും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് കല്ലിശേരി റെയില്‍വേ പാലത്തിലൂടെ കടന്നു പോയപ്പോള്‍ ട്രെയിനില്‍നിന്ന് ഒരു യുവതി നദിയിലേക്കു ചാടുന്നത് മുണ്ടന്‍കാവ് ആറാട്ടുകടവില്‍ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ കണ്ടു. ഇവര്‍ ഉച്ചത്തില്‍ ബഹളം വച്ച് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പുത്തന്‍കാവ് പള്ളിക്ക് സമീപം ഓട്ടം കഴിഞ്ഞ് ടൗണിലേക്ക് വരികയായിരുന്ന ബിജു ഉടന്‍ സംഭവസ്ഥലത്തെത്തി നദിയിലേക്ക് ചാടി. ഒപ്പം സമീപവാസിയായ സുഹൃത്ത് സുധീഷും ചാടി. ഇരുവരും ചേര്‍ന്ന് യുവതിയെ ആറിനക്കരെയുള്ള നായ്പ്പള്ളി കടവിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പ്രേമനൈരാശ്യമാണ് ആത്മഹത്യക്കു ശ്രമിക്കാന്‍ കാരണമെന്നു യുവതി പോലീസില്‍ മൊഴി നല്‍കി.