മദ്യപിച്ചെത്തിയ അച്ഛന്‍ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു; രക്ഷപ്പെടാന്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ച് നെഞ്ചില്‍ കുത്തി; അരീക്കോട് നടന്നത് ദുരഭിമാനക്കൊല

അരീക്കോട്: മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛന്‍ കുത്തിക്കൊന്നത് പ്രണയവിവാഹത്തില്‍ നിന്ന് മകള്‍ പിന്‍മാറാത്തത് കൊണ്ടാണ്. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ പേരില്‍ നടന്ന ദുരഭിമാനകൊലയാണ് അരീക്കോട് നടന്നതെന്ന് പൊലീസ്. പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന്റെ മകള്‍ ആതിര(22)യാണ് വിവാഹത്തിന്റെ തലേദിവസം കുത്തേറ്റു മരിച്ചത്. രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണു സംഭവം. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജന്‍ എതിര്‍ത്തിരുന്നു. ഇതോടെ വിഷയം അരീക്കോട് പൊലീസിന്റെ മുന്നിലെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച വിവാഹം നടത്താന്‍ തീരുമാനിച്ചത്. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ രാജന്‍ സ്റ്റേഷനില്‍വെച്ച് വിവാഹത്തിനു സമ്മതിച്ചു. അപ്പോഴും വീട്ടില്‍ രാജന്‍ ബഹളം തുടര്‍ന്നു. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം രാജന്‍ ആതിരയോട് പരുഷമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിരയും രാജന്റെ സഹോദരിയും തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടില്‍ അഭയംതേടി. രാജന്‍ കത്തിയെടുത്ത് ഇവിടെയെത്തി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഈസമയം അയല്‍വീട്ടില്‍ വീട്ടമ്മയും രണ്ടു മക്കളും മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ബഹളംകേട്ട് ഓടിയെത്തിയവര്‍ ആതിരയെ മുക്കം കെ.എം.സി.ടി. മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണം. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പൊലീസ് എത്തിയപ്പോള്‍ കീഴടങ്ങി. മഞ്ചേരി മെഡിക്കല്‍ കേളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലി ചെയ്യുന്ന ആതിര എസ്.സി വിഭാഗത്തില്‍പ്പെട്ട കൊയിലാണ്ടി സ്വദേശിയും സൈനികനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ആതിര തിയ്യ വിഭാഗത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രണയം അച്ഛന്‍ രാജന്‍ എതിര്‍ത്തതോടെ അടുത്തിടെ രജിസ്റ്റര്‍ മാരേജ് ചെയ്തിരുന്നു. തുടര്‍ന്ന് അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് വിവാഹം നടത്താന്‍ സമ്മതിച്ചത്. ഇന്ന് സൗത്ത് പുത്തലം സാളിഗ്രാമം അമ്പലത്തില്‍ വെച്ച് വിവാഹം ചെയ്തു നല്‍കാമെന്ന രാജന്റെ ഉറപ്പില്‍ ആതിര പൂവത്തികണ്ടിയിലുള്ള തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. വിവാഹത്തിനായി ആഭരണങ്ങളും എടുത്തിരുന്നു. തന്നെ അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ഇതു കാര്യമാക്കിയിരുന്നില്ല. ആതിരയുടെ പ്രണയവിവാഹത്തിന് രാജന് മാത്രമായിരുന്നു എതിര്‍പ്പ്. ഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രതി രാജന്‍. പൂവത്തിക്കണ്ടിയിലെ സുനിതയാണ് ആതിരയുടെ അമ്മ. അശ്വിന്‍രാജ്, അതുല്‍രാജ് എന്നിവര്‍ സഹോദരങ്ങളും.

Top