ഡല്‍ഹി: രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച് ഡല്‍ഹിയില്‍ വീണ്ടുമൊരു മാനഭംഗം കൂടി. ഒന്നര വയസ്സുകാരിയെ തന്റെ മക്കളുടെ മുന്നിലിട്ട് അയല്‍വാസിയായ മുപ്പത്തിമൂന്നുകാരന്‍ മാനഭംഗപ്പെടുത്തി. ഒറ്റമുറി വീട്ടില്‍ രണ്ടു മക്കളുടെ മുന്‍പില്‍ വച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ 33കാരന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നത്. പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അയല്‍വീട്ടിലെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്തു കളിക്കാനാണ് ഒന്നര വയസ്സുകാരി എത്തിയത്. പിന്നീട് വീട്ടിലെത്തി കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവം കണ്ടതിനെത്തുടര്‍ന്നു മാതാവ് കുട്ടിയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണു ലൈംഗികപീഡനം നടന്നതായി വ്യക്തമാകുന്നത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. കുട്ടി ഇപ്പോള്‍ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കഴിയുകയാണ്. കുഞ്ഞിന്റെ അമ്മ വിവാഹമോചിതയാണ്. ഇവര്‍ ഔട്ടര്‍ ഡല്‍ഹിയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു കഴിഞ്ഞിരുന്നത്.