ക്രൈം ഡെസ്‌ക്
ഹരായാന: ഖാപ്പ് പഞ്ചായത്തുകൾക്കു പേരുകേട്ട ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്നു വീണ്ടും ഭീകരത നിറഞ്ഞ വാർത്തകൾ. അയൽവാസിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന യുവതിയെയും ഇരുപതുകാരനായ യുവാവിനെയും പൂർണനഗ്നരാക്കി റോഡിലൂടെ നടത്തിയാണ് ഖാപ്പ് പഞ്ചായത്ത് ഇത്തവണ തങ്ങളുടെ വൃത്തിക്കെട്ട മുഖം വ്യക്തമാക്കിയത്. ഹരിയാനയിലെ കരോറാൺ വില്ലേജിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
കരണോൺ വില്ലേജിലെ നെൽകർഷകന്റെ ഭാര്യയാണ് ആരോപണ വിധേയയായത്. അയൽവാസിയും ഡിഗ്രി വിദ്യാർത്ഥിയായ യുവാവുമായിരുന്നു കേസിൽ പ്രതിസ്ഥാനത്ത് വന്നത്. രണ്ടു വർഷം മുൻപാണ് അറുപതുകാരനായ ഗ്രാമത്തിലെ ധനികനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ പിതാവും ഗ്രാമത്തിലെ പണമിടപാടുകാരനായ ഇയാളും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. യുവതിയുടെ പിതാവിനു പണം നൽകാനില്ലാതെ വന്നതോടെ പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ഇയാൾക്കു വിവാഹം ചെയ്തു നൽകാൻ ഖാപ്പ് പഞ്ചായത്ത് വിധിക്കുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ വിവാഹം നടക്കുകയും ചെയ്തു.
എന്നാൽ, ഇയാളുടെ കൃഷിസ്ഥലത്തെ മോട്ടോർ പുരയിൽ നിന്നു യുവതിയെയും ഡിഗ്രി വിദ്യാർത്ഥിയെയും അർധനഗ്നനായി കണ്ടെത്തിയതോടെയാണ് വിഷയം ഖാപ്പ് പഞ്ചായത്തിന്റെ മുന്നിലെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഖാപ്പ് പഞ്ചായത്ത് ഇരുവരെയും പൂർണനഗ്നരാക്കി നഗരം ചുറ്റിക്കാൻ ഉത്തരവിട്ടത്. കൈകൾ പിന്നിലേയ്ക്കു കെട്ടിയ രീതിയിൽ ഇരുവരെയും നഗരത്തിലൂടെ നടത്തിച്ചു. നൂറുകണക്കിനു ആളുകൾ നോക്കി നിൽക്കെയായിരുന്നു ഖാപ്പ് പഞ്ചായത്തിന്റെ ശിക്ഷാവിധി. തുടർന്നു യുവതിയെ ഭർത്താവിന്റെ വീട്ടിൽ പൂട്ടിയിട്ട പഞ്ചായത്ത് യുവാവിനെ മണിക്കൂറുകളോളം പൊരിവെയിലിൽ നിർത്താനും നിർദേശിച്ചു.