ഭക്ഷണം കഴിച്ചു വീട്ടില്‍ കിടന്ന പെണ്‍കുട്ടി പാതിരാത്രി സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയാണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലായത്.
വീട്ടില്‍ കിടന്നുറങ്ങിയ മകള്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലാണെന്ന് പാതിരാത്രി പൊലീസ് ഫോണ്‍ ചെയ്തു പറഞ്ഞത് കേട്ട് വീട്ടുകാര്‍ ഒന്നു ഞെട്ടി. അങ്കലാപ്പോടെ മകളുടെ മുറിയിലേക്ക് ചെന്നപ്പോള്‍ മകള്‍ മുറിയിലില്ല. പൊലീസ് പറഞ്ഞത് വിശ്വസിച്ച് നേരെ ആശുപത്രിയിലേയ്ക്ക് ചെന്നപ്പോള്‍ കണ്ടത് അപകടത്തില്‍ പെട്ട് മകള്‍ ആശുപത്രിയില്‍ . പെണ്‍കുട്ടിയ്ക്ക് കാര്യമായ പരിക്കൊന്നുമില്ല. മാതാപിതാക്കളെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായത് ഇങ്ങനെ
രാത്രി ഭക്ഷണം കഴിച്ചു കിടന്ന പതിനേഴുകാരിക്കു കാമുകനെ കാണാന്‍ ആഗ്രഹം. മറ്റൊന്നും നോക്കിയില്ല, അയല്‍ വീട്ടിലെ സ്‌കൂട്ടറെടുത്തു നേരെ പുറപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ നഗരത്തില്‍വച്ചു കാമുകനെ കണ്ടു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശ്രീകാര്യത്തുവച്ച് പൊലീസിനെ കണ്ടപ്പോള്‍ ഭയപ്പെട്ടു സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കു പരിക്കേറ്റു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് സ്‌കൂട്ടറിന്റെ നമ്പരിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ ഉടമയെ തിരിച്ചറിഞ്ഞു.
പൊലീസ് എത്തി കാര്യം പറഞ്ഞപ്പോഴാണ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അപ്രത്യക്ഷമായ വിവരം ഉടമപോലും അറിഞ്ഞത്. അതേസമയം, ബോധം വീണ യുവതിയോട് ആശുപത്രി അധികൃതര്‍ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ നല്‍കിയത് ഉള്ളൂരില്‍ താമസിക്കുന്ന കാമുകനായ യുവാവിന്റെ നമ്പരും. ഈ യുവാവിനെ വിളിച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെ നമ്പര്‍ കണ്ടെത്തി കാര്യം വിളിച്ചു പറഞ്ഞത്. അയല്‍വാസിയുടെ സ്‌കൂട്ടര്‍ പെണ്‍കുട്ടി പതിവായി ഉപയോഗിക്കാറുണ്ട്.
ഈ സൗകര്യം ഉപയോഗിച്ചാണ് പാതിരാത്രിയില്‍ സ്‌കൂട്ടറെടത്തു പെണ്‍കുട്ടി പുറത്തുപോയതെന്നാണ് കരുതുന്നത്. നഗരത്തിലെ സ്‌കൂളില്‍ പ്ലസ്ടുവിനു പഠിച്ചിരുന്ന സമയത്താണ് പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായത്. സ്‌കൂട്ടര്‍ അനുവാദമില്ലാതെ എടുത്തതാണെങ്കിലും ഉടമ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ സ്‌കൂട്ടര്‍ പൊലീസ് തിരികെ നല്‍കുകയായിരുന്നു.