തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ 9 വിജയിപ്പിക്കാന്‍ വ്യാപാരികള്‍ സജീവമായി രംഗത്തിറങ്ങുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
വ്യാപാരമേഖല നേരിടുന്ന കാലികമായ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം എല്ലാവിഭാഗം വ്യാപാരികളെയും ഉള്‍ക്കൊള്ളിച്ച് ഷോപ്പിങ് ഫെസ്റ്റിവല്‍ സുതാര്യമായി നടപ്പാക്കാന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രി എ.പി. അനില്‍കുമാറിനോടും ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദിനോടും സമിതി ആവശ്യപ്പെട്ടു.
മേളയ്ക്ക് അനുവദിച്ചുകൊണ്ടിരിക്കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കണം. സീസണ്‍ 8 ല്‍ നടപ്പിലാക്കിയ വായ്പ്പാ പദ്ധതി കൂടുതല്‍ ഗവണ്‍മെന്റ് പൊതുമേഖല, സഹകരണ ഏജന്‍സികള്‍ മുഖേന നടപ്പിലാക്കണം. കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന ലോണുകള്‍ വിപണിയില്‍ കൂടുതല്‍ വ്യാപാരത്തിന് ഇടയാക്കും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍, കൂപ്പണ്‍ വിതരണം തുടങ്ങിയ എല്ലാ മേഖലകളിലും സമിതികളുടെ നേതൃത്വത്തില്‍ സജീവമായ ഇടപെടലുണ്ടാകുമെന്ന് പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ.എസ്. ബിജുവും പ്രസ്താവനയില്‍ പറഞ്ഞു.