സിനിമാ ഡെസ്‌ക്
ചെന്നൈ: വിവാഹ ശേഷം തിരഞ്ഞെടുക്കപ്പെട്ട സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന തമിഴ് സൂപ്പർ താരം സൂര്യയുടെ ഭാര്യ ജ്യോതിക വീണ്ടും സിനിമയിൽ സജീവമാകുന്നു. പുതിയ സിനിമയുടെ റിലീസിനു മു്ൻപ് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക വിവാദമാകാവുന്ന വാക്കുകൾ പുറത്തു വിട്ടത്. അത് ഇങ്ങനെ –
നടിമാരുടെ വസ്ത്രധാരണവും മാനറിസങ്ങളും യുവതലമുറ അനുകരിക്കാൻ ശ്രദ്ധ കാട്ടുന്നതിനാൽ സിനിമാക്കാർ സമൂഹത്തോട് ഉത്തരവാദിത്വം കാട്ടണമെന്ന് നടി ജ്യോതിക. സിനിമാക്കാർ ഇക്കാര്യം മറക്കരുതെന്നും സ്ത്രീകളെ ലഹരി വസ്തുവായി ചിത്രീകരിക്കരുതെന്നു സംവിധായകരോട് അഭ്യർത്ഥിക്കുന്നതായും ജ്യോതിക മകളീർ മട്ടും എന്ന സിനിമയുമായുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വിവാഹാനന്തരം സിനിമയിൽ സ്ത്രീകളുടെ പ്രായം കൂടുകയും അവർ പതിയെ അവസരങ്ങളില്ലാതെ പുറത്താകുകയും ചെയ്യുമ്പോൾ നായകന്മാർക്ക് സിനിമയിൽ സജീവമാകുന്നതിന് അനുസരിച്ച് പ്രായം കുറഞ്ഞുകുറഞ്ഞു വരുമെന്നും പറഞ്ഞു. ഒരു നായകന് സിനിമയിൽ എന്തിനാണ് മൂന്നും നാലും നായികമാർ ഒരു നായിക പോരെയെന്നും ജ്യോതിക ചോദിക്കുന്നു. നായികമാർ വെറും കാഴ്ച വസ്തുക്കളായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.
നടിമാരെ നായകന്മാർക്കൊപ്പം ആട്ടവും പാട്ടും നടത്താനും ഗ്ളാമർ പ്രദർശിപ്പിക്കാനും ദ്വയാർത്ഥ സംഭാഷണങ്ങൾ പറഞ്ഞു പരിസഹിക്കാനുമുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കുന്നത്. ദയവ് ചെയ്ത് നടിമാരെ ഇങ്ങിനെ തരം താഴ്ത്തരുതെന്ന് പ്രമുഖ സംവിധായകരോട് താൻ അപേക്ഷിക്കുകയാണെന്നും ജ്യോതിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാര്യയെ പിന്തുണച്ച് സൂര്യയും എത്തി. സമൂഹത്തോട് ഉത്തരവാദിത്വം പ്രകടിപ്പിക്കുന്ന സിനിമ ചെയ്യുമെന്നും ഇക്കാര്യത്തിൽ സ്‌ക്രീനിലെ തന്റെ കഥാപാത്രത്തെ കൂടുതൽ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു.
മകളീർ മട്ടും സിനിമ നിർമ്മിച്ചതിന് ഭർത്താവിനോട് ജ്യോതിക നന്ദിയും പറഞ്ഞു. സൂര്യയുടെ മാതാവ് ലക്ഷ്മി ശിവകുമാർ ഉൾപ്പെടെ സിനിമയിലെ അണിയറക്കാരുടെ കുടുംബങ്ങളെ വെച്ച് ഒരു സംഗീത ആൽബവും പുറത്തിറക്കിയിട്ടുണ്ട്. ഗിബ്രാനാണ് പാട്ടിന് സംഗീതം നൽകിയിട്ടുള്ളത്.