ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് യു.പിയിൽ രണ്ടാം ഘട്ട പോളിങ് നടക്കും. യു.പിയ്ക്ക് പുറമെ ഉത്തരാഖണ്ഡിലും ഗോവയിലും ഇന്ന് പോളിങ് നടക്കും. യു.പിയിലെ ഒമ്പത് ജില്ലകളിലായി 55 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ദളിത്, പിന്നോക്ക വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള ഈ മണ്ഡലങ്ങളിലെ പ്രകടനം പാർട്ടികൾക്ക് നിർണായകമാകും. ഈ മേഖലയിൽ നിന്ന് 15 സീറ്റ് എസ്.പിയ്ക്കുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 55 സീറ്റുകളിൽ മൂന്ന് സീറ്റുകൾ എസ്.പി. ആർ.എൽ.ഡിയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഇന്ന് 70 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. 632 സ്ഥാനാർഥികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ 81 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. ഗോവയിലും ഇന്നാണ് ജനവിധി. നാൽപത് സീറ്റുകളിൽ നടക്കുന്ന മത്സരത്തിൽ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.