ശാലിനി (Herald Exclusive)
ന്യൂ ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ യൂണിയന്‍ ബജറ്റിനായി രാജ്യം കാതോര്‍ക്കുന്നു. ഗ്രാമങ്ങളുടെ വികസനവും കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമവും വ്യവസായ നിക്ഷേപങ്ങളും എല്ലാം ബജറ്റില്‍ വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നു.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ ദൂരെ 230 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ധമാക്കയിലെ 60 ഓളം ആളുകള്‍ക്ക് തങ്ങളുടെ ആകെ സമ്പത്തായ വിളനിലങ്ങള്‍ ലേലം ചെയ്യും എന്നറിയിച്ചുകൊണ്ടുള്ള നോട്ടിസ് ലഭിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ഇവര്‍. വിളകള്‍ക്ക് നല്ല വില ലഭ്യമാക്കിയും അടിസ്ഥാന ജീവിത രീതികള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടും മോദിജി തങ്ങളെ കരകയറ്റും എന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.
എങ്ങനെയാണ് ഈ ധര്‍മ സങ്കടത്തില്‍ നിന്ന് കരകയറെണ്ടതെന്നു അറിയില്ല. ബാങ്കിനു 247296 രൂപയോളം ഉടന്‍ മടക്കി അടക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് കാണിച്ചു പ്രായമായ ഒരു കര്‍ഷകന്‍ മാധ്യമങ്ങളെ കണ്ടു. കഴിഞ്ഞ തവണ താന്‍ മോദിയെ വിശ്വസിച്ചു വോട്ടു ചെയ്തു എന്നാല്‍ ഇനി അടുത്ത തവണ അങ്ങനെ ചെയ്യുമോ എന്ന് പറയാനാകുന്നില്ല എന്നും ആ വൃദ്ധന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് സമയം വളരെ കുറവാണ് ഇനി. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് പുറത്തിറക്കിയ പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും ഇനിയും നിറവേറ്റാന്‍ ഉണ്ട്. എല്ലാവരെയും അല്‍പമെങ്കിലും സന്തോഷിപ്പിക്കുന്ന ഒരു ബജറ്റ് തന്നെ ആയിരിക്കണം അദ്ദേഹം ഇക്കുറി ലക്ഷ്യമിടുക.
കര്‍ഷകരെ പ്രീതിപ്പെടുത്താതെ ഗ്രാമത്തിലെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് അസംഭവ്യമാകും. മൂന്നു ദാശാബ്ദങ്ങളിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ 2014 ലാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
ഇനിയുള്ള സമയം സര്‍ക്കാരിന് ഏറെ പ്രധാനമാണ്. എങ്ങനെയാണ് കര്‍ഷകരെയും ഗ്രാമങ്ങളെയും കൈയിലെടുക്കുന്നത് അപ്രകാരം തന്നെ നഗരങ്ങളെയും കേന്ദ്രീകരിക്കണം. വിദ്യാസമ്പന്നര്‍ ആയ പട്ടണ നിവാസികള്‍ ആണ് കൂടുതലും വോട്ടെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുക എന്ന് വാഷിങ്ങ്ടന്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡിസിലെ റിച്ചാര്‍ഡ് രോസോ പറഞ്ഞു.
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ 68 ശതമാനം ആളുകളും ജീവിക്കുന്നത്. 1.3 ബില്ല്യന്‍ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുംപോള്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭാവി അറിയാം. 2022 ഓടെ കര്‍ഷകരുടെ ജീവിത നിലവാരം ഇരട്ടിയാക്കി മെച്ചപ്പെടുത്തും എന്നും ഗ്രാമങ്ങളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും എന്നും പ്രധാനമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു.
സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം ഗ്രാമങ്ങളില്‍ അത്ര മെച്ചമായിരുന്നില്ല. ഇനി അടുത്ത തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന എട്ടു സംസ്ഥാനങ്ങളില്‍ ബിജെപി ഇതോടെ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞു. പലയിടത്തും ഉയര്‍ന്നു വരുന്ന രാഹുല്‍ ആരാധകര്‍ കൊണ്ഗ്രെസ്സിനു ശക്തി പകരുന്നുണ്ട് എന്നാല്‍ അതെ സമയം ബിജെപിക്ക് ക്ഷീണമാണ്. കാരണം രാഹുല്‍ പഴയ രാഹുലല്ല.
മോദിക്കും ബിജെപികും ഗുജറാത്തില്‍ ചെറുതായി ഒന്ന് കൈ പൊള്ളി . നഗരങ്ങളില്‍ എളുപ്പം കൊടിനാട്ടാം എന്ന അദ്ദേഹത്തിന്റെ മോഹം അത്രക്ക് ഫലിച്ചില്ല. വിള ഇന്ഷുറന്സ്, വിളകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, സംഭരണം, വില നിലവാരം , കാര്യക്ഷമമായ സംസ്കരണം എന്നിങ്ങനെ എല്ലാത്തിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കെണ്ടതുണ്ട് എന്ന് ആസ്ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാല സാമ്പത്തിക ശാസ്ത്രം അദ്ധ്യാപകന്‍ രഗ്ബെന്ദ്ര ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ കര്‍ഷകരെയും കാര്‍ഷിക രംഗത്തെയും കുറിച്ച് അരുണ്‍ ജയ്റ്റ്ലി സംസാരിച്ചത് അവരില്‍ പ്രതീക്ഷ നിരക്കുന്നുണ്ട്. ഗ്രാമാവികസനത്തിലൂടെ അല്ലാതെ സാമ്പത്തിക വളര്‍ച്ച നീതിപൂര്‍വകവും പുരോഗമനപരവും ആകില്ല എന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, ജിഎസ്ടി, നോട്ടു നിരോധനം എന്നിവ മോദി സര്‍ക്കാരിന്റെ തലയില്‍ വാളായി തൂങ്ങി നില്‍ക്കുകയാണ്. അസാധാരണമായ ഇന്ധന വിലയിലും നിത്യോപയോഗ സാധനങ്ങളുടെ വില വര്ധനയിലും അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട് ജനങ്ങള്‍.
തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മോദി സര്‍ക്കാര്‍ പരാജയമാണ് എന്ന് വിമര്‍ശനം ഉണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് 2015-16 കാലയളവില്‍ ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍ ഇലായ്മ രൂക്ഷമായി. 2015 ല്‍ മാത്രം 42 ശതമാനം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഗ്രമാങ്ങളിലെ ദിവസവേതനത്തില്‍ കാലാനുസൃതമായ വര്‍ധനവ് ഉണ്ടായിട്ടില്ല.2016-17 ല്‍ കാലാവസ്ഥ കര്‍ഷകരെ ചതിച്ചില്ല . തരക്കേടില്ലാത്ത വിളവും ലഭിച്ചു പക്ഷെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി.
എന്തായാലും കഴിഞ്ഞ മാര്‍ച്ച് മുതല്‍ തൊഴില്‍ ഉറപ്പു പദ്ധതിയിലൂടെ ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു ഗ്രാമത്തിലെ ജനങ്ങളെ കൈയിലെടുക്കാന്‍ മോദി ഒരു ശ്രമം നടത്തി.വീടുകള്‍, കുടിവെള്ളം,റോഡുകള്‍ എന്നിവ കാര്യക്ഷമമായി ഉള്‍നാടുകളില്‍ എത്തിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കി എന്ന് അറിയുന്നു. എന്നിട്ടും ധമാക്ക പോലുള്ള ഗ്രാമങ്ങളില്‍ കണ്ണീര്‍ ഉണങ്ങുന്നില്ല. ഇവിടെ രൂക്ഷമായ ജലക്ഷാമം ഉണ്ട്. ഭൂഗര്‍ഭ ജലം ലഭിക്കാതായി വിളകള്‍ കരിഞ്ഞുണങ്ങി കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികെടുണ്ടായി. കൃഷി മോശമായത്തോടെ 300 ഓളം യുവാക്കള്‍ തൊഴില്‍ രഹിതരായി.17 അംഗങ്ങളുള്ള തന്റെ കുടുംബം എങ്ങനെ കഴിയുന്നു എന്നാലോചിച്ചു വൃദ്ധനായ കിഷന്‍ സിംഗ് നെടുവീര്‍പ്പിടുന്നു. ദിവസവും യുദ്ധമാണ് അവിടെ . എത്ര അധ്വാനിചാലും കാണാത്ത അവസ്ഥ …. ആ വൃദ്ധന്റെ കണ്ണീരുപ്പ് നമ്മിലെക്കും പടരുന്നു.
അതിനാല്‍ ഉറച്ച ശബ്ദത്തില്‍ പറയാം ധമാക്ക പോലുള്ള ഗ്രാമങ്ങള്‍ക്ക് വേണം ഒരു മോചനം ഇനിയെങ്കിലും