മുംബൈ: പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാനത്തിന് പിന്നാലെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണക്കടകളില്‍ നിന്ന് വിറ്റുപോയത് 15 ടണ്‍ സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനും ഒമ്പതിനുമായാണ് 5000 കോടി മൂല്യമുള്ള സ്വര്‍ണം വിറ്റഴിഞ്ഞത്.
500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറിയാണ് ഇത്രയും തുകയുടെ സ്വര്‍ണം ജനങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന് ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കി.
അസോസിയേഷന് കീഴില്‍ 2,500 ജ്വല്ലറികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കും ഒമ്പതിന് പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയിലാണ് 15 ടണ്‍ അതായത് 15,000 കിലോഗ്രാം സ്വര്‍ണം വിറ്റുപോയത്.
ഇതില്‍തന്നെ പകുതിയിലധികം സ്വര്‍ണവും വിറ്റത് ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലാണ്. ആറ് ലക്ഷം ജ്വല്ലറികളുള്ള രാജ്യത്ത് 1000ത്തോളം ജ്വല്ലറികള്‍ മാത്രമാണ് അസാധുവാക്കിയ നോട്ടുകള്‍ നവംബര്‍ എട്ടിന് രാത്രി സ്വീകരിച്ചതെന്നും മേത്ത പറയുന്നു.