കണ്ണൂരിൽ ആക്രിക്കടയിൽ കൊടുത്ത പെട്ടിയിൽ 75 പവൻ സ്വർണ്ണവും 45000 രൂപയും..!


കണ്ണൂര്‍: ആക്രിക്കടയില്‍ കൊടുത്ത പെട്ടിയിൽ കണ്ടെത്തിയത് 75 പവന്‍ സ്വർണ്ണവും 45000 രൂപയും. ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നു കണ്ണപുരം പൊലീസിനു പരാതി കിട്ടുന്നത്. പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലെ മിക്ക സാധനങ്ങളും അങ്ങോട്ടു മാറ്റിയിരുന്നു. മൂന്നു പേരിലൊരാള്‍ ഞായറാഴ്ച വൈകിട്ടു പഴയ വീട്ടിലെത്തി ബാക്കി സാധനങ്ങള്‍ ആക്രിക്കാരനു കൊടുത്തു. ആക്രിക്കാരന്‍ പോയ ശേഷമാണു വീട്ടിലുണ്ടായിരുന്ന ഏഴു സ്വര്‍ണവളകള്‍ കാണാനില്ലെന്നു മനസ്സിലായത്.

സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് പ്രായമായ സ്ത്രീയാണ്. മൂന്നു പേരും കൂടി രാത്രി വീടു മുഴുവന്‍ തിരഞ്ഞിട്ടും കിട്ടിയില്ല. അതോടെ, ആക്രിക്കാരന്‍ മോഷ്ടിച്ചതാവാം എന്ന സംശയത്തില്‍ ബന്ധു വഴി പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ കണ്ണപുരം റെയില്‍വേ സ്റ്റേഷനു സമീപം തമിഴ്നാട് സ്വദേശിയുടെ ആക്രിക്കട പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്നു പരിയാരത്തെ പുതിയ വീട്ടിലെത്തി പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.
പുലര്‍ച്ചെ തന്നെ കണ്ണപുരത്തെ മറ്റ് ആക്രിക്കടകളിലും പരിശോധന നടത്തി.ഒരു കടയില്‍ കുന്നുകൂടിക്കിടക്കുന്ന സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടപ്പോള്‍ വീട്ടിലെ പഴയ ഇരുമ്പ്പെട്ടി കണ്ടു. അത് തുറന്നപ്പോള്‍ വളയും മാലയും പാദസരവും കമ്മലുമൊക്കെയായി 75 പവന്‍ സ്വർണ്ണവും കണ്ടെത്തി. ഒപ്പം നാല്‍പതിനായിരം രൂപയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളന്മാരെ പേടിച്ചു കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീ പണ്ടു പെട്ടിയിലടച്ചു കട്ടിലിന്റെ ചുവട്ടില്‍ സൂക്ഷിച്ച സ്വര്‍ണം. മറ്റു രണ്ടുപേരും  പണവും പണ്ടവും പെട്ടിയിലുള്ളതറിയാതെയാണ് ഇരുമ്പ്പെട്ടിയെടുത്ത് ആക്രിക്കാരനു വിറ്റത്.
കണ്ണപുരം എസ്‌ഐ ടി.വി.ധനഞ്ജയദാസ്, എഎസ്‌ഐ പ്രേമന്‍, സിപിഒമാരായ മഹേഷ്, ഉത്തമന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

Top