ആലുവ: ട്രയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവതിയെ ശല്യം ചെയ്ത ഇതര സംസ്ഥാനക്കാരനായ വ്യക്തിയെ പൊലീസ് പിടിച്ചു. പിടികൂടുന്നതിനിടയില്‍ അയാള്‍ വലിച്ചെറിഞ്ഞ പൊതിയില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തത് പോലീസിനെ ഞെട്ടിച്ചു. ഗുജറാത്ത് സ്വദേശി മുകേഷിനെ (45) ആര്‍.പി.എഫ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് രാവിലെ എട്ടരയോടെ ആലുവ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയോടാണ് പ്രതി മോശമായി പെരുമാറിയത്.
യുവതി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രെയിനിലെ യാത്രക്കാരനും ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അരുണ്‍ വിജയന്‍ കാര്യം തിരക്കി. ഇതിനിടെ പ്രതിയും രണ്ട് കൂട്ടാളികളും വേറെ കംപാര്‍ട്ടുമെന്റിലേക്ക് മുങ്ങി. സംഭവം ഗുരുതരമാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന്‍ വിവരം ആലുവ സ്റ്റേഷനിലെ ആര്‍.പി.എഫിന് കൈമാറുകയും പ്രതിയെ കണ്ടെത്തി മറ്റ് യാത്രക്കാരുമായി ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയും ചെയ്തു.
ട്രെയിന്‍ ആലുവയിലെത്തിയപ്പോള്‍ പ്രതിയെ ആര്‍.പി.എഫ് എത്തി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പ്രതിയുടെ കൈവശമിരുന്ന പ്‌ളാസ്റ്റിക്ക് പൊതി ട്രെയിനില്‍ ഉണ്ടായിരുന്ന കൂടെയുണ്ടായിരുന്നവരിലേക്ക് വലിച്ചെറിഞ്ഞെങ്കിലും എതിര്‍വശത്തെ വാതില്‍ വഴി പുറത്തേക്ക് വീണു. ട്രെയിന്‍ കടന്നുപോയ ശേഷം ബാഗ് എടുത്ത് പരിശോധിച്ചപ്പോഴാണ് കവറില്‍ 25 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണെന്ന് വ്യക്തമായത്.
ഇത് ആരുടെതെന്നോ യാത്രക്കാരില്‍ നിന്നും മോഷ്ടിച്ചതാണോയെന്നോ വ്യക്തമല്ല. ഇതിനിടെ ട്രെയിന്‍ വിട്ടതിനാല്‍ കൂട്ടാളികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അങ്കമാലി, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിലും കൂട്ടാളികളെ പിടികൂടാന്‍ വിവരം കൈമാറിയിട്ടുണ്ട്. എന്നാല്‍ പാസഞ്ചര്‍ ട്രെയിനിന് ചൊവ്വരയില്‍ സ്റ്റോപ്പുള്ളതിനാല്‍ അവിടെയിറങ്ങി പ്രതികള്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്. ഈ സ്റ്റേഷനില്‍ പൊലീസിന്റെ സേവനം ലഭ്യമല്ല. ഇവിടെ നിന്ന് പ്രതികളെ പിടികൂടണമെങ്കില്‍ നെടുമ്പാശേരിയില്‍ നിന്നും പൊലീസ് എത്തേണ്ടി വരും. പ്രതിയുടെ ഉപദ്രവത്തിന് ഇരയായ പെണ്‍കുട്ടി എറണാകുളം സ്വദേശിനിയാണ്. ഒരു സ്വകാര്യാശുപത്രിയില്‍ നേഴ്‌സാണ്.