അഹമ്മദാബാദ്: മണപ്പുറം ഫിനാന്‍സിന്റെയും മുത്തൂറ്റ് ഫിനാന്‍സിന്റെയും കേരളത്തിന് പുറത്തുള്ള ശാഖകളില്‍ വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സിന്റെ ഗുജറാത്തിലെ ദൊറാജി ശാഖയില്‍ നിന്നു 90 ലക്ഷം രൂപ വിലമതിക്കുന്ന 4.8 കിലോഗ്രാം സ്വര്‍ണവും മണപ്പുറം ഫിനാന്‍സിന്റെ മഹാരാഷ്ട്ര താനെ ബ്രാഞ്ചില്‍നിന്ന് 30 കിലോ സ്വര്‍ണവുമാണു കവര്‍ന്നത്.
മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു പണം കവര്‍ന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ജീവനക്കാരെത്തി തുറന്നശേഷമാണ് മൂന്നംഗസംഘം ഇവിടേക്ക് അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് ജീവനക്കാരെ ആയുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ചെറുത്തുനില്‍ക്കാന്‍ ജീവനക്കാര്‍ ആദ്യം ശ്രമിച്ചെങ്കിലും അക്രമിക്കുമെന്നുറപ്പായതോടെ മോഷണ സംഘത്തിന് കീഴ്പ്പെട്ടു. പിന്നീട് ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അക്രമികള്‍ കൈക്കലാക്കി. കയ്യില്‍ കരുതിയ ബാഗില്‍ പണം നിറച്ചശേഷം തിരികെ പോകുന്നതും സ്ഥാപത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം നടത്തുകയാണ്.
മഹാരാഷ്ട്ര താനെ ഉല്ലാസ്നഗറിലെ മണപ്പുറം ഫിനാന്‍സ് ശാഖയില്‍ ഓഫീസിന്റെ ചുമരുതുരന്നാണു മോഷണം നടന്നത്. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജീവനക്കാര്‍ അറിയിച്ചതിന തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.