മുംബൈ: സ്വര്‍ണ വില സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍. എന്നാല്‍, കഴിഞ്ഞ രണ്ട് ആഴ്ചയായി ദിനംപ്രതി വില വര്‍ധിക്കുന്നു. ഇന്ന് കേരള വിപണിയില്‍ പവന്റെ വില 20400 രൂപയില്‍ എത്തി നില്‍ക്കുന്നു. ആഗോള വിപണിയില്‍ വില താരതമ്യേന കുറഞ്ഞുനിന്നിട്ടും എന്തുകൊണ്ട് സ്വര്‍ണ വിലയില്‍ ഇത്ര വര്‍ധനവുണ്ടാകുന്നു?
രൂപയുടെ വിലയിടിവാണ് സ്വര്‍ണ പ്രേമികളുടെ മനക്കോട്ടകളെല്ലാം തകര്‍ത്തത്. ഈ മാസം ഒന്നാം തിയതി സ്വര്‍ണ വില പവന് 18920 രൂപയായിരുന്നു. ഓഗസ്റ്റ് ആറിന് അത് 18720 രൂപയെന്ന താഴ്ന്ന നിലവാരത്തിലുമെത്തി. അവിടെനിന്ന് 16 ദിവസംകൊണ്ടു കൂടിയത് 1680 രൂപ. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ സ്വര്‍ണ വില 210000ന്റെ നിലവാരത്തിലേക്കു പോയാലും അത്ഭുതപ്പെടാനില്ല. പത്തു ഗ്രാമിന് 27110 രൂപയാണു മാര്‍ക്കറ്റ് വില. വെള്ളിയാഴ്ച 490 രൂപയാണു കൂടിയത്.
ചൈനയിലെ സാമ്പത്തിക പ്രശ്നങ്ങളാണു സ്വര്‍ണ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്കു കാരണമായ പ്രധാന കാരണം. ചൈന വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ച സമയമായിരുന്നു കഴിഞ്ഞ മാസത്തിന്റെ അവസാനത്തെ ആഴ്ച. വന്‍തോതില്‍ സ്വര്‍ണം മാര്‍ക്കറ്റിലേക്ക് എത്തിയതോടെ ആഗോള വിപണിയില്‍ വില ഇടിഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന സൂചനകൂടി പുറത്തുവന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്നു പൂര്‍ണമായി അകന്നു. അങ്ങനെ വില കുറയാന്‍ തുടങ്ങി.
പക്ഷേ, ഡോളര്‍ ശക്തിപ്രാപിച്ചത് ആഭ്യന്തര വിപണികളില്‍ സ്വര്‍ണ വില കൂടാന്‍ കാരണമായി. ചൈനയിലെ മാന്ദ്യം അവിടെ സ്വര്‍ണ നിക്ഷേപത്തിന്റെ താത്പര്യം വര്‍ധിപ്പിച്ചതും വില വര്‍ധനവിനു കാരണമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുമുണ്ടായിട്ടുണ്ട്. ന്യൂയോര്‍ക്ക് വിപണിയില്‍ ഒരു ഔണ്‍സിന് 1159.6 ഡോളറാണു വില. ഈയാഴ്ച 4.2 ശതമാനത്തോളം വര്‍ധനവുണ്ടായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.