കാസർകോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെ റിമാൻഡ് ചെയ്തു. കേസിൽ ജാമ്യം ആവശ്യപ്പെട്ട് കമറുദ്ദീൻ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും. നിലവിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.കേസുമായി ബന്ധപ്പെട്ട് വൈകീട്ടോടെയാണ് കമറുദ്ദീന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ കമറുദ്ദീൻ കുറ്റക്കാരനെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിൽ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയിരിക്കുന്നത്. സംഭവത്തിൽ 100 ലേറെ വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യ കേസ് എടുത്ത് രണ്ടര മാസത്തിന് ശേഷമാണ് അറസ്റ്റ് ഉണ്ടാകുന്നത്. അതേ സമയം അറസ്റ്റിൽ ലീഗ് നേതൃത്വം പ്രതികരിച്ചിട്ടില്ല.800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.