
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണക്കടത്തുമായി ബന്ധമുള്ള കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഭാഗമായ സൂപ്പർ താരത്തെ എൻഫോഴ്‌സ്‌മെന്റും സിബിഐയും വിജിലൻസും ഒന്നിച്ചു ചോദ്യം ചെയ്‌തേക്കും. സ്വർണ്ണക്കടത്ത് സംഘം ജഡ്ജിക്കു കോഴ വാഗ്ദാനം ചെയ്ത സംഭവം അന്വേഷിച്ച വിജിലൻസ് സംഘമാണ് സംഭവത്തിനു പിന്നിലെ സൂപ്പർതാരത്തിന്റെ പങ്ക് കണ്ടെത്തിയത്.
ഇന്ത്യയ്ക്കകത്തും പുറത്തും ശൃംഖലയുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൽ പങ്കാളിത്തമുള്ള മലയാളത്തിലെ സൂപ്പർതാരത്തിനും സ്വർണ കടത്തിന്റെ ശൃംഖലകൾ സംബന്ധിച്ചു അറിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിക്കൊണ്ടു വരുന്ന സ്വർണ്ണത്തിൽ 90 ശതമാനവും കേരളത്തിലെ ഈ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളിലാണ് വിൽക്കുന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സൂപ്പർതാരത്തെയും സിനിമാ താരങ്ങളെയും അടക്കം സ്വർണകടത്തിനായി ഈ സംഘം ഉപയോഗിക്കുന്നുണ്ടെന്നും എൻഫോഴ്‌സ്‌മെന്റിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നു സൂപ്പർ താരത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ വിദേശ യാത്രകളുടെ വിശദാംശങ്ങൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശേഖരിക്കുന്നുണ്ട്. ഇതേ തുടർന്നാണ് വിശദാംശങ്ങൾ ലഭിച്ച ശേഷം ആവശ്യമെങ്കിൽ സൂപ്പർ താരത്തെ ചോദ്യം ചെയ്യുന്നതിനാണ് ഒരുങ്ങുന്നത്.