കൊച്ചി: കള്ളപ്പണം പിടികൂടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം പാളിയെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നുതിനിടയില്‍ നോട്ട് നിരോധനത്തിനു പിന്നാലെ കോടികളുടെ സ്വര്‍ണ്ണ വില്‍പ്പന രാജ്യത്ത് നടന്നതായി റിപ്പോര്‍ട്ടുകള്‍. നവംബര്‍ എട്ടിന് ശേഷമുള്ള 48 മണിക്കൂറില്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റുപോയത് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. അതുകൊണ്ട് തന്നെ നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ശേഷം രാജ്യവ്യാപകമായി ജുവല്ലറികളില്‍ പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയുള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ സ്വര്‍ണ്ണവില്‍പ്പനയുടെ തെളിവുകളാണ് നേരത്തെ ലഭിച്ചിരുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് നികുതി വെട്ടിപ്പിന്റെ പേരിലും പിടി വീണതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ആഴ്ച്ച ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ജോയ് ആലുക്കാസില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണ വില്‍പ്പനയ്ക്ക് നിയമാനുസൃതമുള്ള ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി അടച്ചില്ലെന്നാണ് വ്യക്തമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 5.7 ടണ്‍ സ്വര്‍ണം ജുവല്ലറിയില്‍ നിന്നും വിറ്റഴിച്ചിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഏപ്രില്‍ മുതല്‍ നവംബര്‍ മാസങ്ങള്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വി്ല്‍പ്പന നടന്നത്. ഇങ്ങനെ വിറ്റ സ്വര്‍ണത്തിന്റെ നല്‍കേണ്ട എക്‌സൈസ് ഡ്യൂട്ടി നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍.
ജോയ് ആലുക്കാസിന്റെ 11 ശാഖകളിലും ഫാക്ടറികളിലുമാണ് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഏതാണ്ട് 16 കോടി രൂപയോളം ജുവല്ലറി ഗ്രൂപ്പ് നികുതി ഇനത്തില്‍ സര്‍ക്കാറിലേക്ക് അടയ്ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ തുക അടച്ചാല്‍ ജുവല്ലറി ഗ്രൂപ്പിനെതിരെ കേസുണ്ടാകില്ല. പണം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ജുവല്ലറി ഗ്രൂപ്പിന് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ദുബായ്, അബൂദബി, യു.എസ്.എ തുടങ്ങി വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ജോയ് ആലുക്കാസിന് ശാഖകളുണ്ട്. ഡി.ജി.സി.ഇ.ഐയുടെ റെയ്ഡിന് ശേഷം 10 കോടി രൂപ ജോയ് ആലുക്കാസ് നികുതി അടച്ചതായി ഡി.ജി.സി.ഇ.ഐ.യി അറിയിച്ചു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 5854 കിലോഗ്രാം സ്വര്‍ണ്ണമാണ് ജോയ് ആലുക്കാസ് വിറ്റഴിച്ചിരുന്നു. ഏതാണ്ട് 1500 കോടി രൂപയുടെ സ്വര്‍ണ്ണവില്‍പ്പനയാണ് ഇക്കാലയളവില്‍ നടന്നിരിക്കുന്നത്.
ജോയ് ആലുക്കാസിലെ സ്വര്‍ണവില്‍പ്പനയില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇല്ലെങ്കിലും മറ്റു ജുവല്ലറികളുടെ കാര്യം വ്യത്യസ്തമാണ്. നോട്ട് നിരോധനത്തിന് ശേഷമുള്ള 48 മണിക്കൂറിനുള്ളില്‍ നാല് ടണ്ണിലേറെ സ്വര്‍ണ്ണമാണ് രാജ്യത്തെ വിവിധ ജുവല്ലറികള്‍ വഴി വിറ്റഴിച്ചിരിക്കുന്നത്. ഈ അഭൂതപൂര്‍വ്വമായ വില്‍പ്പനയില്‍ കള്ളപ്പണം വെളുപ്പിക്കലുണ്ടെന്ന സംശയം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ജുവല്ലറികളില്‍ പരിശോധനകള്‍ നടത്തിയത്. നവംബര്‍ എട്ടിന് മാത്രം രണ്ട് ടണ്‍ സ്വര്‍ണമാണ് വിറ്റുപോയത്. ഇതില്‍ അസ്വഭാവികതയുണ്ടെന്ന് അധികാരികളും വ്യക്തമാക്കുന്നു.
ഡല്‍യിലുള്ള ഒരു പ്രധാന ജുവല്ലറി 700 പേര്‍ക്കായി 45 കിലോ സ്വര്‍ണമാണ് നവംബര്‍ എട്ടിന് വിറ്റത്. ഇക്കാര്യം അവരുടെ അക്കൗണ്ട് വിവരങ്ങളില്‍ നിന്നും വ്യക്തമാകുകയും ചെയ്തു. അതിന് തൊട്ട് മുമ്പുള്ള ദിവസം ഈ ജുവല്ലറിയില്‍ വിറ്റതാകട്ടെ വെറും 820 ഗ്രാം സ്വര്‍ണവും. ചെന്നൈയിലുള്ള ലളിത ജുവല്ലറിലിയാണ് ഇത്തില്‍ ഞെട്ടിക്കുന്ന വില്‍പ്പന നടന്ന മറ്റൊരു സ്ഥാപനം. ഇവിടെ നവംബര്‍ എട്ടിന് വിറ്റത് 200 കിലോഗ്രാം സ്വര്‍ണമാണ്. എന്നാല്‍ നവംബര്‍ ഏഴാം തീയ്യതി വിറ്റതാകട്ടെ 40 കിലോയില്‍ താഴെ സ്വര്‍ണവും. ജയ്പൂരിലുള്ള ലാവത്ത് ജുവല്ലറിയിലെ സ്റ്റോക്ക് റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ ഏഴിനുണ്ടായിരുന്നത് 100 ഗ്രാം സ്വര്‍ണമാണ്. എന്നാല്‍, നവംബര്‍ എട്ടിന് ഇവിടെ വിറ്റതാകട്ടെ 30 കിലോഗ്രാം സ്വര്‍ണവും.
ഇങ്ങനെ അസ്വാഭാവികമായ വിധത്തില്‍ സ്വര്‍ണ്ണവില്‍പ്പന നടന്ന ജുവല്ലറികള്‍ക്കെതിരെ സെന്‍ട്രല്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. വന്‍തോതില്‍ സ്വര്‍ണവില്‍പ്പന നടക്കുമ്പോഴും നികുതി ചോരുന്നതിനെ കുറിച്ചും സെന്‍ട്രല്‍ എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. 400 ജുവല്ലറികളില്‍ നോട്ട് നിരോധനതിന് മുമ്പ് നടന്ന വില്‍പ്പനയിലാണ് നികുതി വെട്ടിപ്പും നടന്നിട്ടുള്ളത്. ഇതിലൂടെയുള്ള നികുതി നഷ്ടം 100 കോടിയില്‍ അധികം വരുമെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഇത്തിരത്തില്‍ നികുതി കൃത്യമായി അടച്ചില്ലെന്ന ഗണത്തിലാണ് ജോയ് ആലുക്കാസും പിടിക്കപ്പെട്ടിരിക്കുന്നത്. സ്വര്‍ണവില്‍പ്പനയില്‍ കൃത്യമായ നികുതി അടക്കാത്ത 300ലേറെ ജുവല്ലറികള്‍ക്ക് നോട്ടീസും ഡി.ജി.സി.ഇ.ഐ നല്‍കിയിട്ടുണ്ട്.
ജോയ് ആലുക്കാസിന് പുറമേ ഡല്‍ഹിയിലുള്ള പിപി ജുവല്ലേഴ്‌സും എക്‌സൈസ് ഡ്യൂട്ടി അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായി വ്യക്തമായിട്ടുണ്ട്. ഇവര്‍ 4.5 കോടിയാണ് വീഴ്ച്ച വരുത്തിയത്. ഏപ്രില്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഈ ജുവല്ലറിയില്‍ 450 കോടിയുടെ വില്‍പ്പന നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഡി.ജി.സി.ഇ.ഐയുടെ നോട്ടീസിന് ശേഷം ഇവര്‍ രണ്ട് കോടി രൂപ അടച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ ജോയ് ആലുക്കാസും പണം അടയ്‌ക്കേണ്ടി വരും. ഈ നികുതിപ്പണം കമ്പനി തിരിച്ചടയ്ക്കുമെന്നാണ് പുറത്തുവരുന്ന സൂചനയും.