കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് കെ വിദ്യ. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നല്‍കി. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ മൊഴി നല്‍കി.
ഇന്നലെ രാത്രിയാണ് കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ അഗളി പൊലീസ് പിടികൂടിയത്. വിദ്യയുടെ സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അടുത്ത സുഹത്തിനെ ചോദ്യം ചെയ്തതിലൂടെ വിദ്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സുഹൃത്തിന്റെ ഫോണും പൊലീസ് വാങ്ങിവച്ചു.