നല്ല സിനിമയ്ക്ക് വേണ്ടി ഫേസ്ബുക്ക് കൂട്ടായ്മ കൊച്ചിയില്‍

സിനിമയെ സ്‌നേഹിക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഞായറാഴ്ച കൊച്ചിയില്‍ നടന്നു. ആശയദാരിദ്ര്യം കൊണ്ട് പൊട്ടിപ്പൊളിയുന്ന സിനിമകള്‍ക്ക് പകരം കുറെ നല്ല സിനിമകള്‍ ജനിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഈ സുഹൃത്തുക്കള്‍
കൊച്ചിയില്‍ യോഗം ചേര്‍ന്നത്. നല്ല തിരക്കഥ ഞങ്ങള്‍ തരാം!… വരു… എന്നതാണ് ഈ കൂട്ടായ്മ സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം. സിനിമയെ സ്‌നേഹിക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി ആളുകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. തിരക്കഥ രചനയ്ക്ക് പ്രത്യേക പരിശീലനം നല്‍കി
ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയായി ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയായിലൂടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ നടത്തിയ ആശയവിനിമയമാണ് ഇങ്ങനെ ഒരു യോഗം സംഘടിപ്പിക്കാന്‍ ഇടയാക്കിയത്. ‘നല്ല സിനിമ നമുക്ക്’ എന്ന സന്ദേശം സമാനചിന്താഗതിക്കാരായ
ആളുകളിലേയ്ക്ക് വ്യാപിക്കാനും കൂടുതല്‍ പേരെ ഈ ഗ്രൂപ്പില്‍ പങ്കാളികളാക്കാനും നല്ല സിനിമകളുടെ പ്രെമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാനും ഈ യോഗത്തില്‍ ധാരണയായി. അര്‍ഹിക്കുന്ന കലാകാരന്മാര്‍ക്ക് അവസരം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ കൂട്ടായ്മയുടെ മറ്റൊരു യോഗം കൊച്ചിയില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുമായി
സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ നമ്പരില്‍ ബന്ധപ്പെടുക : മൊബൈല്‍: 9496226485, 9446202867. EMAIL: [email protected]

Top