ഇന്ത്യയില്‍ 20 ലക്ഷം യുവാക്കള്‍ക്ക് ഗൂഗിള്‍ പരിശീലനം നല്‍കുന്നു

ന്യൂഡല്‍ഹി: ഗൂഗിള്‍ ഇന്ത്യയില്‍ പണി തുടങ്ങി. രാജ്യത്ത് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുക മാത്രമല്ല ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് ക്യാംപസ് വികസിപ്പിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ പ്രോഡക്റ്റുകളെല്ലാം തദ്ദേശീയമായ രീതിയില്‍ ഇന്ത്യയില്‍ വരുമെന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പിച്ചൈ പറഞ്ഞു. നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ആന്‍ഡ്രോയിഡ് മേഖലയില്‍ 20 ലക്ഷം യുവാക്കള്‍ക്ക് ഗൂഗിള്‍ പരിശീലനം നല്‍കും.

ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്റെ ഭാഗമാണിത്. 30 സര്‍വകലാശാലകളുമായി ചേര്‍ന്നാകും ഇതിനായുള്ള പദ്ധതികള്‍ തയാറാക്കുക. 2016 ആകുമ്പോള്‍ ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് അമേരിക്കയേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരാണ് ഉപയോഗിക്കുകയെന്ന് പിച്ചൈ പറഞ്ഞു. ഇതെല്ലാം മുന്നില്‍ കണ്ടാണ് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Google

എന്നാല്‍, ഏത് രീതിയിലുള്ള വികസനമാണ് ഹൈദരബാദ് ക്യാംപസിനെന്ന് വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരുവില്‍ പുതിയ ക്യാംപസ് വരുമെന്ന സൂചനയും പിച്ചൈ നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ ട്രാന്‍സലേഷനില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.

2016 അവസാനത്തോടെ രാജ്യത്തെ 100 റയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിളിന്റെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്ന് പിച്ചൈ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 2016 ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ ആദ്യത്തെ സൗജന്യ ഇന്റര്‍നെറ്റ് സേവന സ്റ്റേഷനാക്കിമാറ്റും. പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിള്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. മോദിയുടെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ഗൂഗിള്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്.

Google

കൂടാതെ ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളെ ഇന്റര്‍നെറ്റിന്റെ ഭാഗമാക്കാന്‍ ടാറ്റാ ട്രസ്റ്റുമായി ചേര്‍ന്നുള്ള ഇന്റര്‍നെറ്റ് ബൈക്ക് പദ്ധതി രാജ്യത്തിന്റെ വിവിധ മേഖലയിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ 1,000 ഗ്രാമങ്ങളില്‍ പദ്ധതി പൂര്‍ത്തിയായി. മൂന്നു ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. ബലൂണുകളിലൂടെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പ്രോജക്ട് ലൂണ്‍ പദ്ധതി ഇന്ത്യയില്‍ വേഗത്തില്‍ തുടങ്ങുമെന്ന് ഗൂഗിള്‍ സ്ട്രാറ്റജി ആന്‍ഡ് എമര്‍ജിങ്‌ മാര്‍ക്കറ്റ് വൈസ് പ്രസിഡന്റ് മാരീന്‍ ക്രോക് പറഞ്ഞു.

ക്രോം ഒഎസ് ഡിവൈസായ അസുസ് ക്രോംബിറ്റ് മോണിറ്റര്‍ ഇന്ത്യന്‍ വിണിയില്‍ അവതരിപ്പിച്ചു. 7,999 രൂപ വിലയുള്ള ഇത് 2016 ജനുവരിയില്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. കൂടുതല്‍ ക്രിക്കറ്റ് ആരാധകരുള്ള ഇന്ത്യയില്‍ സ്‌കോറുകളും വീഡിയോകളും തല്‍സമയം നല്‍കുന്ന കാര്യവും ഗൂഗിളിന്റെ പദ്ധതിയിലുണ്ട്. ലാവ, ഇന്റെക്‌സ് ഡിവൈസുകളില്‍ ഇന്‍ഡിക് കീ ബോര്‍ഡ് ഉടനെ വരുമെന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു. സിഇഒ ആയതിന് ശേഷം ആദ്യമായാണ് ചെന്നൈ സ്വദേശിയായ പിച്ചൈ ഇന്ത്യയില്‍ എത്തുന്നത്.

Top